പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും വീട്ടില്‍ നിരീക്ഷണത്തിലാണ്.
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡാനന്തര ശാരീരിക പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടിൽ ഐസൊലേഷനിൽ തുടരും. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മകള്‍ പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും വീട്ടില്‍ നിരീക്ഷണത്തിലാണ്.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 15,815 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,42,39,372 ആയി. രാജ്യത്ത് നിലവിൽ 1,19,264 ആക്ടീവ് കേസുകളാണുള്ളത്. കൊവിഡ് മരണ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ 68 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,26,996 ആയി.
രാജ്യ തലസ്ഥാനത്ത് ഒമിക്രോണിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം ജാഗ്രത വർധിപ്പിച്ചിരുന്നു. ദില്ലിയിൽ ഒരാൾക്കാണ് തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദമായ ബി എ - 2.75 സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ദില്ലിയിൽ നിയന്ത്രണം ശക്തമാക്കുകയാണ്. ആദ്യ പടിയായി ദില്ലിയിൽ മാസ്ക് ധരിക്കുന്നത് വീണ്ടും കർശനമാക്കി. പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് ദില്ലി സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു. അടച്ചിട്ട സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
