മമത ബാനര്‍ജി, ശരത് പവാര്‍, എം കെ.സ്റ്റാലിൻ, ഉദ്ദവ് താക്കറെ, ഫറൂഖ് അബ്ദുള്ള, സീതാറാം യെച്ചൂരി തുടങ്ങി 19 പ്രതിപക്ഷ പാര്‍ടികളുടെ നേതാക്കൾ സോണിയ വിളിച്ച യോഗത്തിൽ പങ്കെടുത്തു.
ദില്ലി: പ്രതിപക്ഷ നിര ശക്തിപ്പെടുത്താൻ സോണിയാഗാന്ധിയുടെ നീക്കം. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഒറ്റക്കെട്ടായി നീങ്ങണമെന്ന് പ്രതിപക്ഷ പാര്‍ടികളുടെ യോഗത്തിൽ സോണിയാഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഉടൻ തുടങ്ങണമെമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു.19 പ്രതിപക്ഷ പാര്‍ടികളാണ് സോണിയാഗാന്ധി വിളിച്ച യോഗത്തിൽ പങ്കെടുത്തത്.
ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നിര്‍ണായക രാഷ്ട്രീയ നീക്കമാണ് സോണിയാഗാന്ധി നടത്തുന്നത്. മമത ബാനര്‍ജി, ശരത് പവാര്‍, എം കെ.സ്റ്റാലിൻ, ഉദ്ദവ് താക്കറെ, ഫറൂഖ് അബ്ദുള്ള, സീതാറാം യെച്ചൂരി തുടങ്ങി 19 പ്രതിപക്ഷ പാര്‍ടികളുടെ നേതാക്കൾ സോണിയ വിളിച്ച യോഗത്തിൽ പങ്കെടുത്തു. കൊവിഡ് പ്രതിരോധത്തിൽ സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങൾ തിരുത്താൻ പ്രതിപക്ഷത്തിന് സാധിച്ചുവെന്ന് സോണിയാഗാന്ധി പറഞ്ഞു. പാർലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണം. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ഐക്യത്തോടെ മുന്നോട്ടുപോകണം. അതിനുള്ള ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങണമെന്ന നിര്‍ദേശവും സോണിയ മുന്നോട്ടുവെച്ചു. പ്രതിപക്ഷ പാര്‍ടികളുടെ കോര്‍ഗ്രൂപ്പ് വിളിക്കണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു. അതിനെ ശരത് പവാര്‍ പിന്തുണച്ചു.
അതേസമയം സമാജ് വാദി പാര്‍ടി യോഗത്തിൽ നിന്ന് വിട്ടുനിന്നത് യു.പിയിൽ കോണ്‍ഗ്രസുമായി സഹകരിക്കില്ല എന്നതിന്‍റെ സൂചനയായി. അസൗകര്യം അറിയിച്ച് അഖിലേഷ് യാദവ് കത്ത് നൽകിയെന്നാണ് യോഗത്തിന് ശേഷമുള്ള വാര്‍ത്ത കുറിപ്പിൽ പറയുന്നത്. മാര്‍ഷൽമാരെ ഇറക്കി പ്രതിഷേധങ്ങൾ അടിച്ചമര്‍ത്തി ജനാധിപത്യ സംവിധാനം തന്നെ അട്ടിമറക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കമാണ് കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തിൽ കണ്ടതെന്ന് യോഗം വിമര്‍ശിച്ചു. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷത്തിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള നീക്കങ്ങൾക്ക് മമത ബാനര്‍ജി തുടക്കമിട്ടിരുന്നു. ശരത് പവാറിന്‍റെ വസതിയിൽ കോണ്‍ഗ്രസിനെ വിളിക്കാതെ പ്രതിപക്ഷ പാര്‍ടികളുടെ യോഗവും ചേര്‍ന്നു. എന്നാൽ മമത ബാനര്‍ജിയെ കൂടി ഇന്നത്തെ യോഗത്തിലേക്ക് കൊണ്ടുവന്ന് പ്രതിപക്ഷ ഐക്യനീക്കത്തിൽ മുഖ്യ പങ്ക് വഹിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.
