മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ പ്രധാന സഖ്യകക്ഷിയായ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധി എംപിയും. ഇരുവരും കത്തുകളിലൂടെയാണ് ഉദ്ധവ് താക്കറെക്ക് ആശംസകളറിയിച്ചത്. മറ്റൊരു നേതാവായ പ്രിയങ്കാ ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയില്ല. ഉദ്ധവ് താക്കറെയുടെ മകനും എംഎല്‍എയുമായ ആദിത്യ താക്കറെയാണ് സോണിയാ ഗാന്ധിയെ ക്ഷണിക്കാനെത്തിയത്. ദില്ലിയിലെത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള നേതാക്കളെ ആദിത്യ താക്കറെ ക്ഷണിച്ചു. 

പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍, അഭൂതപൂര്‍വമായ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യമുണ്ടായതെന്ന് സോണിയ കത്തില്‍ വ്യക്തമാക്കി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും എല്ലാവരും അംഗീകരിച്ച പൊതുമിനിമം പരിപാടി നടപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും കോണ്‍ഗ്രസ് അധ്യക്ഷ കത്തില്‍ പറഞ്ഞു. ജനാഭിലാഷം നടപ്പാക്കാനാണ് ജനം അധികാരത്തിലേറ്റിയതെന്നും അതെല്ലാം പൂര്‍ത്തീകരിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

കത്തിലൂടെയാണ് രാഹുല്‍ ഗാന്ധിയും ആശംസയറിയിച്ചത്. സഖ്യസര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ സന്തോഷമുണ്ടെന്നും സുസ്ഥിരവും മതേതരവും പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതാകണം സര്‍ക്കാര്‍ നയമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയുമായി അധികാര വിഭജനത്തില്‍ തെറ്റിപ്പിരിഞ്ഞ ശിവസേന കോണ്‍ഗ്രസ്-എന്‍സിപി സഖ്യവുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. വലതുപക്ഷ ആശയമുള്ള ശിവസേനയുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെട്ടത് നിരവധി പ്രത്യയശാസ്ത്ര ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.  സോണിയാ ഗാന്ധിയുടെ വിശ്വസ്തന്‍ അഹമ്മദ് പട്ടേലാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവ്.