ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 12 മണിക്ക് എസ്‍പിബിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലാണ് നിലനിർത്തിയിരിക്കുന്നത്. പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടുന്നതാണ് നില വഷളാക്കിയത്. സഹോദരി എസ് പി ഷൈലജ ഉൾപ്പടെ എസ്‍പിബിയുടെ അടുത്ത ബന്ധുക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്.
എംജിഎം ആശുപത്രി പരിസത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു

ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീർത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നീട് ആരോഗ്യ വീണ്ടെടുത്തുവെങ്കിലും ഇന്നലെ സ്ഥിതി ​ഗുരുതരമെന്ന് കാണിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവരികയായിരുന്നു.