''അഖിലേഷ് യാദവിനെ താൻ മുൻമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. പക്ഷേ എന്നോട് അങ്ങനെയല്ല പെരുമാറുന്നത്. അദ്ദേഹം എന്നെ കൊല്ലുക പോലും ചെയ്തേക്കാം''.
ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ ഗുരുതര ആരോപണവുമായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി. അഖിലേഷ് യാദവ് തന്നെ കൊലപ്പെടുത്താൻ പോലും മടിക്കില്ലെന്നാണ് കേശവ് പ്രസാദ് മൗര്യ ആരോപിച്ചത്. വാർത്താ സമ്മേളനത്തിൽ ഉപമുഖ്യമന്ത്രിയെ അഖിലേഷ് യാദവ് ശൂദ്രൻ എന്ന് വിളിക്കുകയും അദ്ദേഹത്തെക്കുറിച്ച് അഭിപ്രായം പറയാൻ വിസ്സമ്മതിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആരോപണം.
ഉത്തർപ്രദേശിന്റെ മോശം അവസ്ഥക്ക് കാരണം ബിജെപിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണെന്ന് അഖിലേഷ് കുറ്റപ്പെടുത്തിയിരുന്നു.
അഖിലേഷ് യാദവിനെ താൻ മുൻമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. പക്ഷേ എന്നോട് അങ്ങനെയല്ല പെരുമാറുന്നത്. അദ്ദേഹം എന്നെ കൊല്ലുക പോലും ചെയ്തേക്കാം. തന്നെപ്പോലുള്ളവർ വളരുന്നത് അഖിലേഷിനെപ്പോലുള്ളവർക്ക് കാണാൻ കഴിയില്ലെന്നും മൗര്യ പറഞ്ഞു, തന്നെ അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് അഖിലേഷ് യാദവ് സഹതാപം ഉണ്ടാക്കാൻ ശ്രമിക്കരുത്. തെറ്റ് ചെയ്യുന്നവർ ജയിലിൽ പോകുമെന്നും ബിജെപി നേതാവ് പറഞ്ഞു.
അഖിലേഷ് സ്വന്തം പാർട്ടിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ 2024ൽ തുടച്ചുനീക്കപ്പെടുമെന്നും മൗര്യ മുന്നറിയിപ്പ് നൽകി. തന്നെ ജയിലിൽ അടയ്ക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവായ അഖിലേഷ് യാദവ് അടുത്തിടെ ആരോപിച്ചിരുന്നു.
