അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രാനുഭവം ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല പങ്കുവച്ചു. ഗഗൻയാൻ ദൌത്യത്തിന് തന്റെ അനുഭവങ്ങൾ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.  

ദില്ലി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രാനുഭവം പങ്കുവച്ച് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല. ഗഗൻയാൻ ദൌത്യത്തിന് തന്റെ അനുഭവങ്ങൾ ഗുണകരമാകുമെന്ന് ശുഭാംശു ശുക്ല പറഞ്ഞു. ആക്സിയം 4 ദൌത്യത്തിന് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ശുഭാംശു ശുക്ല ആദ്യമായാണ് മാധ്യമങ്ങളോട് അനുഭവങ്ങൾ പങ്കുവെച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യയെ പൂർണ തേജസ്സോടെ കണ്ടതാണ് തൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്ന് ശുഭാംശു പറഞ്ഞു.

ഇന്ത്യൻ ഗവേഷകർ വിഭാവനം ചെയ്തതും വികസിപ്പിച്ചതും യാഥാർത്ഥ്യമാക്കിയതുമായ പരീക്ഷണങ്ങൾ ബഹിരാകാശത്ത് നടത്താൻ കഴിഞ്ഞു. ബഹിരാകാശത്ത് നിന്ന് ലഭിക്കുന്ന അറിവ് വിലമതിക്കാനാവാത്തതാണ്. 20 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച ശേഷം ഗുരുത്വാകർഷണത്തിൽ എങ്ങനെ ജീവിക്കണമെന്ന് പോലും ശരീരം മറന്നുപോയി. ഗഗൻയാൻ ദൗത്യത്തിന്റെ പിന്നണിയിൽ പ്രവ‌‌ർ‌ത്തിക്കുന്ന ഐഎസ്ആർഒയിലെ സഹപ്രവർത്തകരുടെ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.

ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ രാജ്യത്തിന്റെ ഐക്യത്തെയും സഹകരണത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ, ഗഗൻയാൻ സംഘാംഗം പ്രശാന്ത് ബി നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഗഗൻയാൻ ശ്രേണിയിലേ ആദ്യ ആളില്ലാ ദൗത്യം ഡിസംബറിൽ നടക്കുമെന്ന് ഡോ വി.നാരായണൻ വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു. ആഗസ്റ്റ് 23ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ ശുഭാംശുവും പ്രശാന്തും പങ്കാളികളാകും. ഭാവി ബഹിരാകാശ പദ്ധതികളെ പറ്റി കൂടുതൽ പ്രഖ്യാപനങ്ങൾ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിലുണ്ടാകുമെന്നാണ് സൂചന.