ബെംഗളൂരു: കർണാടകത്തിൽ വിമത എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. അയോഗ്യത നടപടിക്കെതിരെ മൂന്ന് വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്ചയാണ് യെദ്യൂരപ്പ സർക്കാർ വിശ്വാസവോട്ട് തേടുന്നത്. അതിനിടെ, ബിജെപിയെ പിന്തുണക്കണം എന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഉണ്ടെന്ന് മുതിർന്ന ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ ജി ടി ദേവഗൗഡ പറഞ്ഞു.

കർണാടകത്തിൽ സഖ്യ സർക്കാരിനുള്ള പാലം വലിച്ചതിനെ തുടർന്ന് അയോഗ്യരാക്കിയ മൂന്ന് എംഎൽഎമാരാണ് സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. പതിനാല് പേരുടെ കാര്യത്തിൽ സ്പീക്കറുടെ തീരുമാനം വരാനിരിക്കെയാണ് ഇത്. രാജിവച്ച 13 പേർക്കും, വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്ന ശ്രീമന്ത് പാട്ടീലിനും എതിരെ നടപടി വേണമെന്ന നിലപാടിലാണ് കോൺഗ്രസും ജെഡിഎസും.

യെദ്യൂരപ്പ വിശ്വാസ വോട്ട് തേടുന്ന തിങ്കളാഴ്ചയ്ക്ക് മുൻപ് സ്പീക്കർ തീരുമാനം പ്രഖ്യാപിക്കും. അയോഗ്യതക്കാണ് സാധ്യത. രമേഷ് ജർകിഹോളി, മഹേഷ്‌ കുമട്ഹള്ളി, ആർ ശങ്കർ എന്നിവർ അയോഗ്യരായതോടെ വിമത എംഎൽഎമാർ ആശങ്കയിലാണ്. അയോഗ്യരായാൽ യെദ്യൂരപ്പ സർക്കാരിൽ ഭാഗമാവാനാകില്ല. എന്നാൽ വിമതർക്കെതിരെ നടപടികൾ വേഗത്തിലാവണമെന്ന നിലപാടിലാണ് ബിജെപി. രാജി സ്വീകരിച്ചാലും അയോഗ്യരാക്കിയാലും 105 അംഗങ്ങൾ ഉള്ള ബിജെപിക്ക് കേവല ഭൂരിപക്ഷത്തിൽ എത്താം.

ഇതിനിടയിലാണ് പാർട്ടി എംഎൽഎമാർക്കിടയിൽ രണ്ട് അഭിപ്രായം ഉണ്ടെന്ന് വ്യക്തമാക്കി പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ട് ജെഡിഎസ് നേതാവ് ജി ടി ദേവഗൗഡ രംഗത്തെത്തിയത്. പ്രതിപക്ഷത്തിരിക്കുക, അല്ലെങ്കിൽ, ബിജെപിയെ പിന്തുണക്കുക എന്നീ നിലപാടുകളിൽ ഏത് വേണം എന്ന് കുമാരസ്വാമി തീരുമാനിക്കുമെന്ന് ദേവഗൗഡ വ്യക്തമാക്കി. കോൺഗ്രസുമായി സഖ്യം തുടരുമെന്നാണ് ജെഡിഎസ് നേരത്തെ വ്യക്തമാക്കിയത്. എന്നാൽ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം എന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു.