ദില്ലി: കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതല സംഘത്തിന് രൂപം നല്‍കി. രാജ്യത്തെ ചില ജില്ലകളില്‍ ലോക്ക്ഡൗണ്‍ നിയമലംഘനം സംബന്ധിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കൊവിഡ് വ്യാപനത്തിനും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കുന്നതായാണ് വിലയിരുത്തല്‍.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍, പൊലീസുകാരെ ആക്രമിക്കല്‍, പൊതുസ്ഥലങ്ങളില്‍ സാമൂഹ്യഅകലം പാലിക്കാതിരിക്കല്‍, നിരീക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെ തടസപ്പെടുത്തല്‍ തുടങ്ങിയ സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിതല സംഘത്തിൽ രണ്ടെണ്ണം ഗുജറാത്തിലേക്കും ഓരോന്ന് വീതം തെലങ്കാന, തമിഴ്‌നാട്, മഹരാഷ്ട്ര എന്നിവിടങ്ങളിലേക്കുമാണ് നിയോഗിക്കുക.

മുംബൈയിലേക്കും പൂനെയിലേക്കും നേരത്തെ നിയോഗിച്ച് സംഘത്തെ വിപുലീകരിച്ചാണ് മഹാരാഷ്ട്രയില്‍ നിയോഗിക്കുന്നത്. പരാതി ഉയര്‍ന്നിട്ടുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാന സര്‍ക്കാരിന് വേണ്ട പരിഹാരനിര്‍ദേശങ്ങള്‍ നല്‍കും. പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി കേന്ദ്രത്തിനും സംഘം റിപ്പോര്‍ട്ട് നല്‍കും. കൊവിഡ് വ്യാപനത്തിന് എതിരായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പരിശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

2005ലെ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ സാഹചര്യത്തിൽ ഉയരുന്ന പരാതികളും പ്രശ്‌നങ്ങളും പരിശോധിക്കുകയാണ് മന്ത്രിതല സമിതിയുടെ പ്രധാന അജണ്ട. 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ 35(1),35(2) (a), 35(2) (e), 35(2) (i) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സര്‍ക്കാര്‍ കേന്ദ്ര അന്തര്‍മന്ത്രിതല സംഘത്തിന് രൂപം നല്‍കിയത്. സംഘത്തിന്റെ സന്ദർശനം ഉടൻ ആരംഭിക്കും.