Asianet News MalayalamAsianet News Malayalam

ഫുട്ബാള്‍ കളിക്കിടെ കാറ്റും മഴയും, ടെന്‍റില്‍ അഭയം തേടി കാഴ്ചക്കാർ, ഇടിമിന്നലേറ്റ് രണ്ടു പേർക്ക് ദാരുണാന്ത്യം

ഫുട്ബാള്‍ മത്സരത്തിനിടെ ഇടിയോടുകൂടിയ കനത്ത മഴ പെയ്യുകയായിരുന്നു. തുടര്‍ന്ന് ഫുട്ബാള്‍ മത്സരം കണ്ടുകൊണ്ടിരുന്നവര്‍ മൈതാനത്തിന് സമീപം കെട്ടിവെച്ചിരുന്ന ടെന്‍റിന് കീഴിലേക്ക് മാറുകയായിരുന്നു

Spectators Killed By Lightning Strike During Football Match
Author
First Published Sep 24, 2023, 11:54 AM IST

ജാര്‍ഖണ്ഡ്: ഫുട്ബാള്‍ മത്സരം കണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ ഹന്‍സ് ദിഹ മേഖലയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. മൈതാനത്ത് പ്രാദേശിക ഫുട്ബാള്‍ മത്സരം കാണുന്നതിനിടെയുണ്ടായ കനത്ത മഴക്കിടെ കാഴ്ചക്കാര്‍ക്ക് ഇടിമിന്നലേറ്റത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. ഫുട്ബാള്‍ മത്സരത്തിനിടെ ഇടിയോടുകൂടിയ കനത്ത മഴ പെയ്യുകയായിരുന്നു. തുടര്‍ന്ന് ഫുട്ബാള്‍ മത്സരം കണ്ടുകൊണ്ടിരുന്നവര്‍ മൈതാനത്തിന് സമീപം കെട്ടിവെച്ചിരുന്ന ടെന്‍റിന് കീഴിലേക്ക് മാറി. ശക്തമായ കാറ്റും മഴയും തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇടിമിന്നലുണ്ടായത്.

ആളുകള്‍ നിന്നിരുന്ന ടെന്‍റിന് മുകളിലായി മിന്നലടിക്കുകയായിരുന്നു. ഇതോടെ ടെന്‍റിന് താഴെയുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. ഇടിമിന്നലേറ്റ് ശിവലാല്‍ സോറന്‍ (32), ശാന്തലാല്‍ ഹെബ്രാം (20) എന്നിവര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ സരിയാഹത്ത് കമ്യുണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ് ആദ്യം എത്തിച്ചത്. ഇതിലൊരാളെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും പ്രദേശത്ത് വൈകുന്നേരങ്ങളില്‍ ഇടിയോകൂടിയ കനത്ത മഴക്കുള്ള സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും  ഹന്‍സിദ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജിതേന്ദ്ര കുമാര്‍ സാഹു പറഞ്ഞു. 

കഴിഞ്ഞയാഴ്ച ഹിമാചല്‍ പ്രദേശിലെ കാഗ്ര ജില്ലയില്‍ ഇടിമിന്നലേറ്റ് 69കാരനായ വയോധികനും കൊച്ചുമകനും മരിച്ചിരുന്നു. രാഖ് ഗ്രാമത്തിലെ പാലംപുരിലാണ് ദാരുണമായ സംഭവം നടന്നത്. താക്കൂര്‍ ദാസ് (69), അങ്കിത് (19 എന്നിവരാണ് മരിച്ചത്. ഗ്രാമത്തിലെ മറ്റുള്ളവര്‍ക്കൊപ്പം ആടിനെ മേയ്ക്കുന്നതിനായി കൃഷിയിടത്തിലെത്തിയപ്പോഴാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലേറ്റ് ഇരുവരും തെറിച്ചുവീഴുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു സഞ്ജയ് കുമാര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. സഞ്ജയ് കുമാര്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

more stories...39 ദിവസം മാത്രം പ്രായം, പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റില്‍നിന്ന് താഴെക്കെറിഞ്ഞ് അമ്മ, അതിദാരുണം ഈ കൊലപാതകം
 

Follow Us:
Download App:
  • android
  • ios