കൊല്‍ക്കത്ത: പ്രസംഗം തത്സമയം കാണിച്ചില്ലെന്ന് ആരോപിച്ച് ത്രിണമൂല്‍ സര്‍ക്കാരിനെതിരെ ബംഗാള്‍ ഗവര്‍ണര്‍. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തത്സമയം കവറേജ് നഷ്ടപ്പെടുന്നതെന്ന് ജഗ്ദീപ് ധന്‍കാര്‍ ആരോപിച്ചു. നിലനില്‍ക്കുന്ന സമ്പ്രദായങ്ങളുടെ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. 

താന്‍ നിയമസഭയെ അഭിസംബോദന ചെയ്തത് തത്സമയം സംപ്രേഷണം ചെയ്തില്ലെന്നാണ് ഗവര്‍ണര്‍ ഉന്നയിക്കുന്ന പരാതി. സംസ്ഥാന ധനകാര്യമന്ത്രി അമിത മിശ്രയുടെ ബജറ്റ് അവതരണസമയത്താണ് ആരോപണവുമായി ഗവര്‍ണര്‍ എത്തിയത്.

''ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 176 പ്രകാരം ഗവര്‍ണര്‍ നടത്തിയ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തില്ല. മാധ്യമങ്ങളും വിട്ടുനിന്നു. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വിധിയെഴുതാന്‍ വിടുകയാണ്. '' - ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫെബ്രുവരി 7ന് ഗവര്‍ണര്‍ സഭയില്‍ നടത്തിയ പ്രസംഗം തത്സമയം നല്‍കിയിരുന്നില്ല. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം മുഴുവന്‍ വായിക്കണമെന്നാണ് മമത സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുഴുവന്‍ വായിക്കില്ലെന്നും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുമെന്നും അല്ലെങ്കില്‍ പ്രസംഗം ബഹിഷ്കരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്ററിനെയും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെയും പൗരത്വനിയമ ഭേദഗതിയെയും വിമര്‍ശിക്കുന്ന പ്രസംഗം ഒടുവില്‍ ഗവര്‍ണര്‍ പൂര്‍ണ്ണമായും വായിച്ചു.