സംഭവത്തിൽ കുട്ടികൾ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. ആറ് വയസ്സുകാരി റോഷിനി, അവളുടെ സഹോദരൻ അമീർ (10) എന്നിവരാണ് മരിച്ചത്.
ദില്ലി: അമിതവേഗതിയിൽ എത്തിയ ബിഎംഡബ്ല്യു കാർ മറ്റൊരു കാറിൽ ഇടിച്ച് ഫ്ലൈ ഓവറിന് താഴേക്ക് മറിഞ്ഞ് ഉറങ്ങിക്കിടക്കുന്നവരുടെ മുകളിൽ വീണ് രണ്ട് കുട്ടികൾ ദാരുണമായി കൊല്ലപ്പെട്ട കേസിൽ 27 കാരൻ ദില്ലിയിൽ അറസ്റ്റിൽ. ദില്ലിയിലെ നിർമാൻ വിഹാർ നിവാസിയായ സഹിൽ നാരംഗ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ തന്റെ ബിഎംഡബ്ല്യു കാർ അതിവേഗത്തിൽ മറ്റൊരു കാറിൽ ഇടിച്ച് ലോധി റോഡ് ഫ്‌ളൈ ഓവറിന് താഴെയുള്ള ഫുട്പാത്തിൽ ഉറങ്ങുകയായിരുന്നവരുടെ ഇടയിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ കുട്ടികൾ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. ആറ് വയസ്സുകാരി റോഷിനി, അവളുടെ സഹോദരൻ അമീർ (10) എന്നിവരാണ് മരിച്ചത്. ബിഎംഡബ്ല്യു കാർ ഇടിച്ച മറ്റൊരു കാറിന്റെ ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അപകടത്തെത്തുടർന്ന് ബിഎംഡബ്ല്യു കാർ ഓടിച്ചിരുന്നയാൾ കാറുമായി രക്ഷപ്പെട്ടിരുന്നു. സാഹിൽ നാരംഗ് നോയിഡയിൽ വസ്ത്രനിർമ്മാണ ബിസിനസ് നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ 4.30 ഓടെ സാമ്രാട്ട് ഹോട്ടലിൽ നിന്ന് സൂര്യ ഹോട്ടലിലേക്ക് പോകുന്നതിനിടെ കറുത്ത കളർ കാർ തങ്ങളുടെ വാഹനത്തിൽ ഇടിച്ചെന്ന് ഡ്രൈവർ യതിൻ കിഷോർ ശർമ പൊലീസിനോട് പറഞ്ഞു. ആഡംബര കാർ മറിഞ്ഞ് ഫ്‌ളൈ ഓവറിന് താഴെയുള്ള ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന ആളുകളുടെ മേൽ പതിക്കുകയായിരുന്നുവെന്ന് ഓഫിസർ പറഞ്ഞു. ഇരുട്ടുള്ള സമയത്താണ് സംഭവം നടന്നത്. പരിക്കേറ്റവരല്ലാതെ സംഭവത്തിന് ആരും സാക്ഷിയാകാത്തതിനാൽ വാഹനമോടിച്ചയാളെ കണ്ടെത്തുക എന്നത് പൊലീസിന് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. മേൽപ്പാലത്തിന് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്നും കണ്ടെത്തി.
ഒബ്‌റോയ് ഹോട്ടൽ, ലോധി റോഡ്, ബാരാപുള്ള റോഡ്, ലജ്പത് റായ് മാർഗ് എന്നിവിടങ്ങളിലെ 60-70 ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്താണ് കാർ തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ കൃഷ്ണ നഗറിൽ താമസിക്കുന്ന ഒരാളുടെ പേരിൽ കാർ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. നോയിഡയിലെ സെക്ടർ 63 ലെ ഒരു വർക്ക് ഷോപ്പിൽ തന്റെ കാർ തന്റെ അനന്തരവൻ സാഹിലിനു നൽകിയെന്ന് പറഞ്ഞ ഉടമയുടെ വസതിയിൽ പൊലീസ് സംഘം റെയ്ഡ് നടത്തി.
തുടർന്ന് പ്രതി സാഹിലിനെ നിർമാൻ വിഹാറിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു. അപകടമുണ്ടാക്കിയ കാറും കണ്ടെടുത്തു. ബിഎംഡബ്ല്യു പുതിയതായി വാങ്ങിയതാണെന്നും പ്രതി കാറിന്റെ വേഗവും നിയന്ത്രണവും പരിശോധിക്കുന്നതിനിടെ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
