ദില്ലി: പാര്‍ലമെന്‍റ് പാസാക്കിയ എസ്.പി.ജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾക്കും മാത്രമാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് നിയമമാകുന്നത്. 

കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ് എന്നിവര്‍ക്കുളള എസ്.പി.ജി സുരക്ഷ കേന്ദ്രം പിൻവലിച്ചിരുന്നു. നെഹ്റു കുടുംബത്തിന് നിലവിൽ സി.ആര്‍.പി.എഫ് സുരക്ഷയാണ് നൽകുന്നത്. ഇതോടൊപ്പം ദാദ്ര ആന്റ് നാഗര്‍ഹവേലി, ദാമൻ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കിയുള്ള ബില്ലിനും രാഷ്ടപതി അംഗീകാരം നൽകി.