ബെംഗളൂരു: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ ശുചിത്വമുറപ്പിക്കാന്‍ കർശന നടപടികളുമായി ബെംഗളൂരു പൊലീസ്. പൊതുനിരത്തില്‍ തുപ്പുന്നവർക്കെതിരെ കേസെടുക്കുമെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഭാസ്ക്കർ റാവു ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്തു.

'റോഡില്‍ തുപ്പുന്നവർക്കെതിരെ കർണാടക പൊലീസ് ആക്ട് അനുസരിച്ച് നടപടിയെടുക്കും. ലോക്ക് ഡൌണ്‍ ഇളവുകള്‍ വരുന്ന മുറയ്ക്ക് നിരത്തിലും പൊതുസ്ഥലങ്ങളിലുമെത്തുന്ന ആളുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ സർക്കാർ തയ്യാറാക്കിവരികയാണ്. ആളുകള്‍ തുടർന്നും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. സാനിറ്റൈസറുകള്‍ ഉപയോഗിക്കുകയും നിരന്തരം കൈകള്‍ കഴുകുകയും വേണം. ഒപ്പം പരിസരം വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം' എന്നും അദേഹം ആവശ്യപ്പെട്ടു. 

Read more: പൊതുസ്ഥലത്ത് മുറുക്കിത്തുപ്പിയാല്‍ ബീഹാറില്‍ 'പണി പാളും'; ആറ് മാസം തടവ് അല്ലെങ്കില്‍ പിഴ

ലോക്ക് ഡൌണ്‍കാലത്ത് ആർക്കെങ്കിലും ജോലി നഷ്ടപ്പെട്ടാല്‍ അവർക്ക് പരാതിയുമായി തൊഴില്‍ വകുപ്പിനെ സമീപിക്കാമെന്നും ഭാസ്ക്കർ റാവു അറിയിച്ചു. 

പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും മുറുക്കിത്തുപ്പുന്നത് നിരോധിച്ച് ബീഹാറും നേരത്തെ ഉത്തരവിറക്കിയിരുന്നു. പുകയിലയോ മറ്റ് പാന്‍ ഉല്‍പന്നങ്ങളോ പൊതുസ്ഥലത്ത് തുപ്പിയാല്‍ 200 രൂപ പിഴയോ ആറ് മാസം തടവോ ആണ് നേരിടേണ്ടിവരിക. 

Read more: കൊവിഡ് ഭീതി ഉയര്‍ത്തി ലിഫ്റ്റില്‍ തുപ്പിയ രണ്ട് വിദേശികള്‍ക്കെതിരെ കേസ്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക