ചെന്നൈ: നേതൃത്വമില്ലാത്ത കോൺഗ്രസിന് തമിഴകത്ത് നിന്ന് രാജ്യസഭാ സീറ്റില്ല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് രാജ്യസഭാ സീറ്റ് കോൺഗ്രസ് ഹൈക്കമാന്‍റ് ആവശ്യപ്പെടാത്തതിനാൽ മറ്റ് സഖ്യകക്ഷികൾക്ക് തന്നെ രാജ്യസഭാ സീറ്റുകൾ നൽകാനാണ് ഡിഎംകെ ആലോചിക്കുന്നതെന്ന് ടികെഎസ് ഇളങ്കോവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, കോൺഗ്രസ് സഖ്യത്തിന്‍റെ പേരിൽ അതൃപ്തി പരസ്യമാക്കി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയത് ഡിഎംകെ നേതൃത്വത്തിന് തലവേദനയായി. 

നിലവിലെ അംഗസംഖ്യ അനുസരിച്ച് ഒഴിവുവരുന്ന ആറ് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം ഡിഎംകെയ്ക്കാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി അടുത്ത മാസം എട്ടാണ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അനൗദ്യോഗികമായി ആവശ്യപ്പെട്ടാലല്ലാതെ, ഹൈക്കമാന്‍റ് ഇതുവരെ മന്‍മോഹന്‍ സിങ്ങിനായി ഡിഎംകെയെ സമീപിച്ചിട്ടില്ല. ഇനിയും കാത്തിരിക്കേണ്ട എന്നാണ് മുതിര്‍ന്ന നേതാക്കള്‍ സ്റ്റാലിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

''രണ്ട് സീറ്റുകളിലേക്കും ഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ചു കഴിഞ്ഞു. മന്‍മോഹന്‍ സിങ്ങിനായി രാഹുല്‍ഗാന്ധി ഇതുവരെ സമീപിച്ചിട്ടില്ല'', ടികെഎസ് ഇളങ്കോവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസിന് വേണ്ടെങ്കിൽ ബാക്കി വരുന്ന സീറ്റ് എംഡിഎംകെ പോലെ ഏതെങ്കിലും സഖ്യകക്ഷിക്ക് ഡിഎംകെ നൽകും.

പാര്‍ലമെന്‍റിലെ ജനകീയ പ്രതിരോധത്തിന്  മന്‍മോഹന്‍റെ സാന്നിധ്യം വേണമെന്ന അഭിപ്രായം ഡിഎംകെയിലുണ്ട്. എന്നാല്‍ രാഹുല്‍ഗാന്ധി പോലും പ്രത്യേക താത്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങേണ്ടെന്നാണ് നിലപാട്. അതേസമയം, ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലും തദ്ദേശതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. 

''കോണ്‍ഗ്രസിനെ എത്ര നാള്‍ കൊണ്ടുനടക്കാനാണ്. എത്ര നാളായി ഈ പല്ലക്ക് ചുമക്കുന്നു. സ്റ്റാലിൻ നാളെയും ഇത് ചെയ്യാൻ പറഞ്ഞ‌ാൽ ചെയ്യണം. ചെയ്യാതെയൊന്നുമിരിക്കാനാകില്ല'', എന്നാണ് മുതിർന്ന ഡിഎംകെ നേതാവ് കെ എന്‍ നെഹ്റു പറഞ്ഞത്. 

മൻമോഹൻ സിംഗിനെ രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിക്കാനുള്ള ആലോചനയുള്ളതു കൊണ്ടാണ് ഹൈക്കമാന്‍റ് ഇടപെടാത്തതെന്ന് തമിഴ്‍നാട് പിസിസി വിശദീകരിക്കുന്നു. അധ്യക്ഷസ്ഥാനത്ത് പോലും ആശങ്ക തുടരുന്ന കോണ്‍ഗ്രസിന് പ്രതിസന്ധി രൂക്ഷമാക്കുന്നതാവും ഡിഎംകെയ്ക്കുള്ളിൽ ഉയര്‍ന്ന പൊട്ടിത്തെറി.