സ്നേഹത്തിനും കൂട്ടുകെട്ടിനും തനിക്ക് അർഹതയുണ്ടെന്നും ഭർത്താവിന്റെ കാമുകിയുടെ ദുഷ്ടലാക്കോടെയുമുള്ള പെരുമാറ്റം ആ വാത്സല്യം തനിക്ക് നഷ്ടമായെന്നും ഭർത്താവിന്റെ കാമുകിയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച കേസിലാണ് ദില്ലി ഹൈക്കോടതി വിധി
ദില്ലി: അർഹമായ വാത്സല്യം നൽകാതെ അവഗണിച്ചുവെന്ന് വിശദമാക്കി ഭർത്താവിനും കാമുകിയ്ക്കും എതിരെ നൽകിയ പരാതി നില നിൽക്കുമെന്ന് വ്യക്തമാക്കി ദില്ലി ഹൈക്കോടതി. നല്ല രീതിയിൽ പോയിരുന്ന വിവാഹ ബന്ധത്തിലേക്ക് ഭർത്താവിന്റെ കാമുകി എത്തിയതിന് പിന്നാലെയുണ്ടായ നാശ നഷ്ടത്തിന് ഭർത്താവിന്റെ കാമുകിയിൽ നിന്ന് നഷ്ടം ഈടാക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഭാര്യയ്ക്ക് ഭർത്താവിൽ നിന്ന് ലഭ്യമാകേണ്ടിയിരുന്ന വാത്സല്യം അടക്കമുള്ളവ നഷ്ടമാകാൻ കാരണമായതിൽ കാമുകിയ്ക്ക് പങ്കുണ്ടെന്നാണ് കോടതി വിശദമാക്കിയത്. കേസിന്റെ നില നിൽക്കുമെന്ന് വിശദമാക്കി ഭാര്യയുടെ പരാതിയിൽ ഭർത്താവിനും കാമുകിയ്ക്കും ദില്ലി ഹൈക്കോടതി സമൻസ് അയച്ചു. ഇത്തരം കേസുകൾ കുടുംബ കോടതിയിൽ അല്ല സിവിൽ കോടതിയിൽ ആണ് ഫയൽ ചെയ്യേണ്ടതെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി.
വാദിക്ക് ശരിയായ വാദത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ, ഇനിപ്പറയുന്നവ സ്ഥാപിക്കാൻ കഴിയുന്നിടത്തോളം കാലം വിവാഹത്തിൽ തെറ്റായ ഇടപെടലിനുള്ള സിവിൽ കേസ് നിലനിൽക്കുമെന്നാണ് കോടതി വിധിച്ചത്. പങ്കാളിയോട് അകറ്റാൻ ഇടയാക്കുന്ന തരത്തിൽ ഒരു മൂന്നാം കക്ഷി വിവാഹത്തിൽ മനപൂർവ്വവും തെറ്റായും ഇടപെടാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് ആണ് നിർണായക വിധി പുറപ്പെടുവിച്ചത്.
ആഗ്രഹിക്കുന്ന അടുപ്പം പങ്കാളിക്ക് നൽകേണ്ടത് നിയമപരമായുള്ള കടമയെന്ന് കോടതി
വിവാഹ ജീവിതത്തിൽ പങ്കാളി ആഗ്രഹിക്കുന്ന അടുപ്പം, കൂട്ടുകെട്ട് എന്നിവ സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതാണ് നിയമപരമായി സംരക്ഷിതമായ വിവാഹത്തിലെ കടമ. എന്നാൽ പങ്കാളികളിലൊരാളെ അകറ്റാൻ ലക്ഷ്യമിട്ട് മൂന്നാമതൊരാൾ ആ ബന്ധത്തിൽ ഇടപെടരുത് എന്ന് പങ്കാളിക്ക് നിയമപരമായി ആവശ്യമുയർത്താൻ കഴിയുമെന്നും ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് വിശദമാക്കി. വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടാണ് ഇതെന്നും കോടതി വിശദമാക്കി. ഒരു പുരുഷന്റെ സ്നേഹത്തിനും കൂട്ടുകെട്ടിനും തനിക്ക് അർഹതയുണ്ടെന്നും ഭർത്താവിന്റെ കാമുകിയുടെ സജീവവും ദുഷ്ടലാക്കോടെയുമുള്ള പെരുമാറ്റം ആ വാത്സല്യം തനിക്ക് നഷ്ടമായെന്നും ഭർത്താവിന്റെ കാമുകിയിൽ നിന്ന് വിവാഹിതയായ സ്ത്രീ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച കേസിലാണ് ദില്ലി ഹൈക്കോടതിയുടെ വിധി. മറ്റൊരു സ്ത്രീ തന്റെ ദാമ്പത്യ ബന്ധത്തിൽ മനപൂർവ്വം ഇടപെട്ടതാണ് സ്നേഹത്തിന്റെ അന്യവൽക്കരണത്തിന് കാരണമായത്.
ഭർത്താവ് കാമുകിയോടൊപ്പം സാമൂഹിക ഒത്തുചേരലുകളിൽ പരസ്യമായി വരാൻ തുടങ്ങിയത് പൊതുചടങ്ങുകളിൽ താൻ അപമാനിക്കപ്പെടാൻ കാരണമായെന്നും സ്ത്രീയുടെ പരാതിയിൽ പറയുന്നുണ്ട്. ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകിയ പശ്ചാത്തലത്തിലാണ് ഭാര്യ ദില്ലി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഭർത്താവിന്റെ കാമുകിയെ ഒന്നാം പ്രതിയായും ഭർത്താവിനെ രണ്ടാം പ്രതിയായും ആക്കിയാണ് പരാതി. ഭർത്താവിന്റെ കാമുകിയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയുടെ നിലനിൽപ്പിനെ പ്രതികൾ എതിർത്തതോടെയാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയത്.


