ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്കു മുന്നിൽ കാലിനു മേൽ കാൽ കയറ്റി വച്ച് കൂർക്കം വലിച്ചുറങ്ങുന്ന അധ്യാപകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുംബൈ: ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്കു മുന്നിൽ കാലിനു മേൽ കാൽ കയറ്റി വച്ച് കൂർക്കം വലിച്ചുറങ്ങുന്ന അധ്യാപകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്ര ജൽനയിലെ ഗഡേഗവനിൽ മറാത്തി മീഡിയം ജില്ലാ പരിഷത്ത് സ്കൂളിലാണ് സംഭവമുണ്ടായത്. വി കെ മുണ്ടെ എന്ന അധ്യാപകന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ക്ലാസിൽ മുഴുവൻ കുട്ടികളുടെയും മുന്നിൽ വച്ചാണ് അധ്യാപകൻ ഇങ്ങനെ കൂർക്കം വലിച്ചുറങ്ങുന്നത്.

Scroll to load tweet…

15-20 വിദ്യാർത്ഥികൾ അധ്യാപകന്റെ ക്ലാസിനു ചുറ്റും ഇരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ പകർത്തിയ ആൾ ഒരു വിദ്യാർത്ഥിയോട് അധ്യാപകൻ എത്ര നേരമായി ഉറങ്ങുന്നു എന്ന് ചോദിക്കുന്നുണ്ട്. പെണ്‍കുട്ടി മടിച്ച് മടിച്ച് അരമണിക്കൂറായി എന്ന് ഉത്തരവും നൽകുന്നുണ്ട്. പെട്ടെന്ന് ഉറങ്ങുന്ന അധ്യാപകൻ ഞെട്ടിയെണീക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. പിടിക്കപ്പെട്ടതിൽപ്പിന്നെ അധ്യാപകൻ മയങ്ങുന്നുമില്ല.

സംഭവവുമായി ബന്ധപ്പെട്ട് സോണൽ എഡ്യൂക്കേഷൻ ഓഫീസർ സതീഷ് ഷിൻഡെക്ക് പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചർച്ചയ്ക്കും ഈ വീഡിയോയോടെ തുടക്കമായിട്ടുണ്ട്.