Asianet News MalayalamAsianet News Malayalam

ശ്രീലങ്കൻ പ്രതിസന്ധി: സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ, സാഹചര്യം ചർച്ച ചെയ്യും

ലങ്കയിൽ 100 ദിവസം പിന്നിട്ട് ജനകീയ പ്രക്ഷോഭം, റഷ്യയിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്ത് പ്രതിസന്ധി മറികടക്കാൻ നീക്കം

Sri Lankan crisis; Centre calls for All party meeting to discuss situation
Author
Delhi, First Published Jul 17, 2022, 3:35 PM IST

ദില്ലി: ശ്രീലങ്കയിലെ സാഹചര്യം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിച്ച് കേന്ദ്രം. മറ്റന്നാളാണ് യോഗം ചേരുക. വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ധനമന്ത്രി നിർമല സീതാരാമനും യോഗത്തിൽ പങ്കെടുക്കും. ശ്രീലങ്കയ്ക്ക് വേണ്ട മാനുഷിക സഹായം നല്‍കുന്നത് ഇന്ത്യ തുടരുന്നുണ്ടെങ്കിലും, ഭരണ സാമ്പത്തിക പ്രതിസന്ധികളില്‍ ഇതുവരെ ഇടപെട്ടിരുന്നില്ല. ലങ്കയില്‍ തമിഴ് ജനത അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി അണ്ണാഡിഎംകെയും, ഡിഎംകെയുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ എല്ലാ കക്ഷികളുടെയും നിലപാട് തേടണമന്നും ആവശ്യമുയര്‍ന്നു. പാർലമെന്റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ, കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിലാണ് തമിഴ‍്‍നാട്ടിൽ നിന്നുള്ള കക്ഷികൾ ലങ്കൻ വിഷയം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റന്നാൾ സർവകക്ഷി യോഗം വിളിക്കാൻ ധാരണയായത്.

അതേസമയം ശ്രീലങ്കയിൽ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണ്. ജനകീയ സർക്കാർ രൂപീകരണ ആവശ്യമുന്നയിച്ച് തുടരുന്ന പ്രക്ഷോഭം ഇന്ന് നൂറ് ദിവസം പിന്നിടുകയാണ്. ഭക്ഷ്യ- ഇന്ധന ക്ഷാമത്തിന് അടിയന്തര പരിഹാരമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. സെക്രട്ടേറിയേറ്റ് മന്ദിരത്തിന് മുന്നിൽ കസേരയിട്ടിരുന്നാണ് പ്രതിഷേധം. പ്രസിഡൻറ് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സർക്കാർ മന്ദിരങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. 

ബുധനാഴ്ച പ്രസിഡന്‍റ്  തെരഞ്ഞടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ പ്രക്ഷോഭകർ രംഗത്തെത്തി. ഒന്നിലധികം സ്ഥാനാർത്ഥികളെ നിർത്തി റെനിൽ വിക്രമസിംഗെയെ സഹായിക്കുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വസതിക്ക് മുന്നിൽ പ്രക്ഷോഭകർ പ്രതിഷേധിച്ചു. റെനില്‍ വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ റഷ്യയിൽ നിന്ന് കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യാൻ സർക്കാർ നടപടി തുടങ്ങി.
 

Latest Videos
Follow Us:
Download App:
  • android
  • ios