അക്രമികൾ അരിവാളും കത്തിയും വടിയും ഉപയോഗിച്ച് ആക്രമിച്ചതിന് ശേഷം ബോട്ട് കൊള്ളയടിച്ചുവെന്ന് രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു

ചെന്നൈ: തമിഴ്നാട് തീരത്തുനിന്ന് മീൻപിടിക്കാൻ പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ പുറങ്കടലിൽ ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ആക്രമിച്ചു. അക്രമികൾ അരിവാളും കത്തിയും വടിയും ഉപയോഗിച്ച് ആക്രമിച്ചതിന് ശേഷം ബോട്ട് കൊള്ളയടിച്ചുവെന്ന് രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പരിക്കേറ്റ തൊഴിലാളികൾ നാഗപട്ടണം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

കാർ പെട്ടന്ന് ബ്രേക്കിട്ട് അപകടം, കെഎസ്ആർടിസി ബസ് ദേഹത്ത് ക‍യറി കോഴിക്കോട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

സംഭവം ഇങ്ങനെ

നാഗപട്ടണത്തുനിന്ന് പുറപ്പെട്ട മത്സ്യത്തൊഴിലാളികൾ വേദരണ്യത്തിനടുത്ത് കൊടിയക്കരയ്ക്ക് തെക്കുകിഴക്കായി ഇന്നലെ രാത്രി മീൻപിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ബോട്ട് ആക്രമിച്ചത്. നാഗപട്ടണം നമ്പ്യാർ നഗറിലെ മുരുകന്‍റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ആക്രമിച്ചത്. മുരുകനും ബോട്ടിലെ തൊഴിലാളിയാണ്. മുരുകനടക്കമുള്ളവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ചെറുബോട്ടുകളിലെത്തി മത്സ്യബന്ധനയാനം വളഞ്ഞ ശ്രീലങ്കൻ കൊള്ളക്കാർ കത്തിയും വടിയുമായി കയറിവന്ന് ആക്രമിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. ബോട്ടുടമ മുരുകന്‍റെ കയ്യിൽ അരിവാൾ കൊണ്ട് വെട്ടേറ്റു. ബോട്ടിലുണ്ടായിരുന്ന ഏഴ് പേർക്കും ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ മർദ്ദനമേറ്റു.

ചോരവാർന്ന് അവശരായാണ് മത്സ്യതൊഴിലാളികൾ തീരത്ത് മടങ്ങിയെത്തിയത്. ഈ തൊഴിലാളികളെ നാഗപട്ടണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് വ്യക്തമാകുന്നത്. ബോട്ടിലുണ്ടായിരുന്ന വാക്കി ടോക്കിയും മറ്റ് നാവിഗേഷൻ ഉപകരണങ്ങളും കൊള്ളക്കാർ കവർന്നു. തൊഴിലാളികളിൽ നിന്ന് കോസ്റ്റൽ പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മത്സ്യം, മീൻ പിടിത്തത്തിനുള്ള വലകൾ, ജി പി എസ് മെഷീനുകൾ എന്നിവ ശ്രീലങ്കൻ കടൽക്കൊള്ളക്കാർ കവർന്നു എന്ന് മത്സ്യ തൊഴിലാളികൾ കോസ്റ്റൽ പൊലീസിന് മൊഴി നൽകി.

അതേസമയം ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കടൽക്കൊള്ളക്കാരുടെ ശല്യം രൂക്ഷമായത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശേഷം, കഴിഞ്ഞ 6 മാസമായി ഇത് തുടരുകയാണെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. ഇക്കഴിഞ്ഞ 6 മാസത്തിനിടെ ഇന്ത്യ - ശ്രീലങ്ക അതിർത്തിയിൽ ശ്രീലങ്കൻ കടൽക്കൊള്ളക്കാ‌ർ, ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നിരവധി തവണ ആക്രമിച്ചെന്നും തൊഴിലാളികൾ പറയുന്നു.

YouTube video player