പെട്ടെന്ന് മുന്നിൽ ബ്രേക്കിട്ട കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഹനീഫ റോഡിൽ വീഴുകയായിരുന്നു

കോഴിക്കോട്: പേരാമ്പ്രയിൽ കെ എസ് ആർ ടി സി ബസ് ദേഹത്ത് ക‍യറി ബൈക്ക് യാത്രികൻ മരിച്ചു. കക്കാട് സ്വദേശി കൈതക്കൽ ലക്ഷം വീട് കോളനിയിലെ ഹനീഫയാണ് മരിച്ചത്. പേരാമ്പ്രയിലെ പുതിയ ബൈപ്പാസ് ജംക്ഷന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്ത്. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്. പെട്ടെന്ന് മുന്നിൽ ബ്രേക്കിട്ട കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഹനീഫ റോഡിൽ വീഴുകയായിരുന്നു. തുടർന്നാണ് പിന്നാലെ വന്ന കെ എസ് ആ‌ർ ടി സി ബസ് ഹനീഫയുടെ ദേഹത്ത് കയറിയത്.

ശിവരാത്രി ആഘോഷം, ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്; മദ്യശാലകൾക്ക് രണ്ട് ദിവസം നിയന്ത്രണം, ബാറും തുറക്കില്ല

അതേസമയം ഇന്ന് ആലപ്പുഴ ദേശീയപാതയില്‍ പാതിരപ്പള്ളി ജംഗ്ഷന് സമീപം കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര്‍ യാത്രക്കാരിയായ വയോധിക മരിച്ചിരുന്നു. മലപ്പുറം പുളിക്കല്‍ ശ്രീരാഗം വീട്ടില്‍ രാധമ്മയാണ് ( 74 ) മരിച്ചത്. കാറിലുണ്ടായിരുന്ന മകള്‍ ജയശ്രി, ഭര്‍ത്താവ് രാജീവ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കെ എസ് ആ‌ർ ടി സി ബസിടിച്ച അപകടത്തിൽ പരിക്കേറ്റ ജയശ്രീയെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും രാജീവിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടണ്ട്. രാജീവാണ് കാര്‍ ഓടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെപാതിരപ്പള്ളി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. ആലപ്പുഴ ഡിപ്പോയില്‍ നിന്നും ചേര്‍ത്തലയിലേയ്ക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍ഭാഗത്തേക്ക് നീയന്ത്രണം വിട്ട് വന്ന ഇന്നോവ കാര്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

കെഎസ്ആർടിസി ബസിന് മുന്നിലേക്ക് കാർ ഇടിച്ചുകയറി, കാർ യാത്രക്കാരിയായ വയോധിക മരിച്ചു