Asianet News MalayalamAsianet News Malayalam

യാത്രക്കിടെ ശ്രീരാമസേന നേതാവ് രവികുമാർ കോകിത്കറിന് വെടിയേറ്റു, അക്രമങ്ങളിൽ ഭയക്കില്ലെന്ന് മുത്തലിക്

ശനിയാഴ്ച രാത്രി 7.30 ഓടെ കോകിത്കർ തന്റെ ഡ്രൈവർ മനോജ് ദേശൂർക്കർക്കും മറ്റ് രണ്ടുപേർക്കുമൊപ്പം ബെലഗാവി നഗരത്തിൽ നിന്ന് ഹിൻഡാൽഗയിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

Sri Ram Sena leader shot at in Karnataka
Author
First Published Jan 8, 2023, 8:27 PM IST

ബെലഗാവി (കർണാടക): ബെ​ല​ഗാവിയിൽ ശ്രീരാമസേന നേതാവിനെതിരെ അജ്ഞാതർ വെടിയുതിർത്തു. ഹിൻഡാൽഗ ഗ്രാമത്തിൽ അജ്ഞാതരായ അക്രമികളുടെ വെടിവെപ്പിൽ ശ്രീരാമ സേന ജില്ലാ പ്രസിഡന്റ് രവികുമാർ കോകിത്കറിന് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സംഭവത്തെ അപലപിച്ച സംഘടനാ തലവൻ പ്രമോദ് മുത്തലിക് രം​ഗത്തെത്തി. ശ്രീരാമസേനയുടെ പ്രവർത്തകർ ഹിന്ദുത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്നും ഇത്തരം ആക്രമണങ്ങളിൽ ഭയക്കില്ലെന്നും മുത്തലിക് പറഞ്ഞു.

ശനിയാഴ്ച രാത്രി 7.30 ഓടെ കോകിത്കർ തന്റെ ഡ്രൈവർ മനോജ് ദേശൂർക്കർക്കും മറ്റ് രണ്ടുപേർക്കുമൊപ്പം ബെലഗാവി നഗരത്തിൽ നിന്ന് ഹിൻഡാൽഗയിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്പീഡ് ബ്രേക്കറിന് സമീപം കാർ വേഗത കുറച്ചപ്പോൾ മോട്ടോർ ബൈക്കിലെത്തിയ മൂന്ന് പേർ വാഹനത്തിന് സമീപത്തെത്തുകയും ഒരാൾ കോകിത്കറിന് നേരെ വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. ഇവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.  വെടിയുണ്ട കോകിത്കറിന്റെ താടിയിൽ തട്ടി ഡ്രൈവറുടെ കൈയിൽ കൊണ്ടു. സംഭവത്തിൽ ഡ്രൈവർക്കും പരിക്കേറ്റു. രണ്ടുപേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. ബെലഗാവി റൂറൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അക്രമികളെ പിടികൂടി ശിക്ഷിക്കണമെന്ന് പ്രമോദ് മുത്തലിക് പൊലീസിനോട് അഭ്യർത്ഥിച്ചു. ഹിൻഡാൽഗ ജയിലിന് സമീപം സംഭവം നടന്നതിനാൽ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാകുമെന്ന് മുത്തലിക് ചൂണ്ടിക്കാട്ടി.
 

Follow Us:
Download App:
  • android
  • ios