ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ അതിർത്തിയിലൂടെ ഇന്ത്യയിലെ കടക്കാൻ ആയിരുന്നു ജയിൽ‌ ചാടിയവരുടെ ശ്രമം. 

കാഠ്മണ്ഡു: നേപ്പാളിൽ സാമൂഹ്യമാധ്യമ നിരോധനത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭത്തിനിടെ ജയിൽ‌ ചാടിയ അ‍ഞ്ച് പേരെ പിടികൂടി എസ് എസ് ബി. ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ പിടിയിലായത്. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ അതിർത്തിയിലൂടെ ഇന്ത്യയിലെ കടക്കാൻ ആയിരുന്നു ജയിൽ‌ ചാടിയവരുടെ ശ്രമം.

അതേസമയം, രണ്ടുദിവസം നീണ്ട ജെന്‍ സീ പ്രക്ഷോഭം ശമിച്ചതോടെ നേപ്പാള്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. എന്നാൽ രാജ്യവ്യാപക കര്‍ഫ്യു തുടരുകയാണ്. പ്രതിഷേധത്തിനു സാധ്യതയുളള പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു. 21പേര്‍ കൊല്ലപ്പെട്ട പ്രക്ഷോഭത്തില്‍ നാനൂറിലധികം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. പ്രക്ഷോഭ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഇടക്കാല സര്‍ക്കാരുണ്ടാക്കാന്‍ ശ്രമങ്ങളാരംഭിച്ചു.

നേതാവോ നേതൃത്വമോ ഇല്ലാതെ തെരുവ് കീഴടക്കിയ ജെന്‍സി പ്രക്ഷോഭം അക്ഷരാര്‍ത്ഥത്തില്‍ നേപ്പാളില്‍ വലിയ അരാജകത്വമാണ് സൃഷ്ടിച്ചത്. കാഠ്മണ്ഡു ഉള്‍പ്പെടെ പ്രക്ഷോഭകാരികള്‍ അഴിഞ്ഞാടിയ നഗരങ്ങളെല്ലാം സൈനിക നിയന്ത്രണത്തിലാണ്. അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങള്‍ക്കുളള സൈന്യത്തിന്‍റെ നിര്‍ദേശം. ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണമെന്നും സൈന്യം നിര്‍ദേശിച്ചു. ഒറ്റപ്പെട്ട അക്രമ സംഭവങ്ങളൊഴിച്ചാല്‍ പൊതുവെ സമാധാനപരമാണ് സ്ഥിതി. 

പ്രക്ഷോഭകാരികള്‍ തകര്‍ത്ത പാര്‍ലമെന്‍റ്, പ്രസിഡന്‍റിന്‍റെ ഓഫീസ്, പ്രധാനമന്ത്രിയുടെ വസതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. പൊക്ര, നവാല്‍പരാസി ജയിലുകളില്‍ നിന്ന് 900ഓളം തടവുകാര്‍ രക്ഷപ്പെട്ടു. കലാപത്തിനിടെ സര്‍ക്കാര്‍ ഓഫീസുകളും വീടുകളും ബാങ്കുകളും കൊള്ളയടിച്ച 21 പേരെ സൈന്യം പിടികൂടി. സമാധാന ചര്‍ച്ചകളോട് സഹകരിക്കാന്‍ പ്രസിഡന്‍റ് രാം ചന്ദ്ര പൗഡേലും സൈനിക മേധാവി അശോക് രാജ് സിങ്ദളും സമരക്കാരോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിവെച്ചതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുളള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി. പ്രക്ഷോഭകാരികള്‍ക്ക് താത്പര്യമുളളവരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. പ്രധാനമന്ത്രി പദത്തിലേക്ക് ജെന്‍സികളുടെ പിന്തുണ കാഠ്മണ്ഡു മേയറും റാപ്പറുമായ ബാലേന്ദ്ര ഷായ്ക്കാണ്. അഴിമതിക്കും തൊഴിലില്ലായ്മക്കുമെതിരെ പാടി യുവാക്കളുടെ ഹരമായി മാറിയ സ്വതന്ത്ര നേതാവാണ് മുപ്പത്തിയാറുകരനായ ബാലേന്ദ്ര ഷാ. പ്രക്ഷോഭത്തില്‍ നിര്‍ണായക പങ്കുവഹിച്ച സന്നദ്ധ സംഘടനയായ ഹാമി നേപ്പാളിന് നേതൃത്വം നല്‍കുന്ന സുദന്‍ ഗുരുങ്ങിനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. 2008ല്‍ രാജ്യഭരണം അവസാനിച്ച ശേഷം 17 വര്‍ഷത്തിനിടെ 14 സര്‍ക്കാരുകളുണ്ടായ രാജ്യമാണ് നേപ്പാള്‍.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming