നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് നീങ്ങി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു
ലക്നൗ: ഉത്തര്‍പ്രദേശിലെ മധുരയില്‍ ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അപകടം നടക്കുമ്പോള്‍ ട്രെയിനിന്‍റെ എഞ്ചിന്‍ ക്യാബിനില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ പതിഞ്ഞ ദൃശ്യം പുറത്തുവന്നതോടെയാണ് റെയില്‍വെ ജീവനക്കാരന്‍റെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് വ്യക്തമായത്. എഞ്ചിന്‍ ക്യാബിനില്‍ കയറി ജീവനക്കാരന്‍ നേരിയ തോതില്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് റെയില്‍വെ നിര്‍ദേശം നല്‍കിയത്.
ചൊവ്വാഴ്ച രാത്രിയാണ് മഥുര ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് നീങ്ങി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റു. ട്രെയിനിലെ യാത്രക്കാരെല്ലാം ഇറങ്ങിയശേഷമാണ് അപകടം നടന്നത്. ഇതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. അപകടം നടക്കുമ്പോള്‍ ട്രെയിന്‍റെ എഞ്ചിന്‍ റൂമിലുള്ള സുരക്ഷ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ട്രെയിന്‍ നിര്‍ത്തിയശേഷം ലോക്കോ പൈലറ്റ് ഇറങ്ങിപോവുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിനുശേഷം റെയില്‍വെ ജീവനക്കാരനായ ഒരാള്‍ ക്യാബിനില്‍ കയറുകയാണ്.
ഫോണില്‍ വീഡിയോ കാള്‍ ചെയ്തുകൊണ്ട് കയറിവരുന്ന ഇയാള്‍ തന്‍റെ കൈവശമുള്ള ബാഗ് ട്രെയിനിന്‍റെ എഞ്ചിന്‍ ത്രോട്ടിലിന് മുകളിലാണ് വെക്കുന്നത്. ട്രെയിനിന്‍റെ വേഗത നിയന്ത്രിക്കുന്ന ഹാന്‍ഡ് ലിവറിന് മുകളില്‍ ബാഗ് വെച്ചതോടെ ട്രെയിന്‍ നീങ്ങുകയായിരുന്നു. ട്രെയിന്‍ നീങ്ങുമ്പോഴും എന്താണ് സംഭവിച്ചതെന്നറിയാതെ ജീവനക്കാരന്‍ ഫോണിലെ വീഡിയോ കാളും നോക്കിയിരിക്കുന്നതും വീഡിയോയിലുണ്ട്. ഇതിനിടയില്‍ ട്രെയിൻ നിർത്താൻ ജീവനക്കാരൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. സംഭവത്തില്‍ ജീവനക്കാരനായ സച്ചിന്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്തതായി ഡി.ആര്‍എം തേജ് പ്രകാശ് അഗര്‍വാള്‍ പറഞ്ഞു.
സച്ചിനാണ് വീഡിയോ കാള്‍ ചെയ്തുകൊണ്ട് എഞ്ചിന്‍ ക്യാബിനിലേക്ക് കയറിയത്. സംഭവത്തില്‍ ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടതായും ഡി.ആര്‍.എം അറിയിച്ചു. സംഭവത്തിനുശേഷം ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ സച്ചിന്‍ നേരിയ തോതില്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായും എത്ര അളവിലാണ് മദ്യം ശരീരത്തിലുണ്ടായിരുന്നതെന്നറിയാന്‍ സച്ചിന്‍റെ രക്ത സാമ്പില്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

