ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചന വിഷയത്തില്‍ സ്റ്റാലിൻ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്നാണ് ആവശ്യം. തമിഴ്നാട് സർക്കാരിന്‍റെ ശുപാർശയിൽ ഗവർണറുടെ തീരുമാനം വൈകുന്നത് പ്രതിഷേധാർഹം എന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്‍നാട് ഗവർണർ കഴിഞ്ഞ ദിവസം ദില്ലിയിലെത്തി നരേന്ദ്രമോദിയേയും അമിത് ഷായെയും കണ്ടിരുന്നു.

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കണമെന്ന ശുപാർശയിൽ ഗവർണറുടെ തീരുമാനം വൈകുന്നതിൽ സുപ്രീംകോടതി അതൃപ്‍തി അറിയിച്ചിരുന്നു. തമിഴ്നാട് സർക്കാർ ശുപാർശയിൽ രണ്ട് വർഷമായി ഗവർണർ തീരുമാനം എടുത്തിട്ടില്ല. പേരറിവാളിന്‍റെ പരോൾ അപേക്ഷ പരിഗണിക്കവെ ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ച്  അസംതൃപ്തി പ്രകടമാക്കിയത്.  ഗവർണറുടെ തീരുമാനം  വൈകുമ്പോൾ എന്ത്  ചെയ്യാനാകുമെന്ന് ബന്ധപ്പെട്ട അഭിഭാഷകർ പറയണമെന്ന് കോടതി പറഞ്ഞു. പരോൾ അപേക്ഷ പരിഗണിക്കുന്നത് നവംബർ 23ലേക്ക് മാറ്റി.