കുറച്ചുനാളായി ജതിൻ പെൺകുട്ടിയെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നിരന്തരം ഫോണിൽ വിളിച്ചും ഇയാൾ പെൺകുട്ടിയെ ശല്യപ്പെടുത്തി. ഇതിനായി എട്ട് സിം കാർഡുകളാണ് യുവാവ് വാങ്ങിയത്.
ഫരീദാബാദ്: ദില്ലി ഹരിയാനാ അതിർത്തിയിൽ 17കാരിക്ക് നേരെ വെടിയുതിർത്ത ശേഷം മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ കാലിന് വെടിവെച്ച് വീഴ്ത്തിയാണ് കീഴ്പ്പെടുത്തിയത്. ജതിൻ മംഗ്ല എന്ന യുവാവാണ് സംഭവം നടന്ന് 4 ദിവസത്തിന് ശേഷം പിടിയിലായത്. ഇയാൾക്കായി പൊലീസ് 5 ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഡിൽ കോച്ചിംഗ് ക്ലാസിൽ നിന്നും മടങ്ങി വരവെ 17 കാരിയെ യുവാവ് ആക്രമിച്ചത്. പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തുകൊണ്ടിരുന്ന ജതിൻ വഴിയിൽ കാത്തിരുന്ന് വെടിയുതിർക്കുകയായിരുന്നു.
കുറച്ചുനാളായി ജതിൻ പെൺകുട്ടിയെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നിരന്തരം ഫോണിൽ വിളിച്ചും ഇയാൾ പെൺകുട്ടിയെ ശല്യപ്പെടുത്തി. ഇതിനായി എട്ട് സിം കാർഡുകളാണ് യുവാവ് വാങ്ങിയത്. ജതിന്‍റെ കൈവശം ആയുധങ്ങളും ഉണ്ടായിരുന്നവെന്നും ക്രൈ ബ്രാഞ്ച് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ വരുൺ ദഹിയ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് ജതിൻ കൂട്ടുകാരികൾക്കൊപ്പം നടന്നു വരികയായിരുന്ന പെൺകുട്ടിക്ക് നേരെ വെടിയുതിർത്തത്. ഒരു വെടിയുണ്ട പെൺകുട്ടിയുടെ തോളിൽ തുളച്ചുകയറി, മറ്റൊന്ന് അവളുടെ വയറ്റിലാണ് കൊണ്ടത്. സംഭവത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഓടിക്കൂടിയ പ്രദേശവാസികളാണ് 17 കാരിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഐസിയുവിൽ നിരീക്ഷണത്തിലാണ്. അഞ്ച് പ്രത്യേക സംഘങ്ങളായി അന്വേഷണം നടത്തിവരവെ കഴിഞ്ഞ ദിവസമാണ് ജതിനെ പൊലീസ് പിടികൂടുന്നത്. ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിച്ച പൊലീസിന് എട്ടോളം സിം കാർഡുകളും, വീടിനടുത്ത് ഒളിപ്പിച്ച തോക്കും കണ്ടെത്തി. ആയുധം വീണ്ടെടുക്കുന്നതിനിടെ യുവാവ് പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെയാണ് അന്വേഷണ സംഘം ഇയാളുടെ കാലിന് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. ജതിന്‍റെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടില്ല.


