മൊബൈൽ ടിഫിൻ സെന്ററിൽ വെച്ച് ഭക്ഷണം കഴിക്കുന്നതിനിടെ, മുരളി കൃഷ്ണയുടെ പ്ലേറ്റിൽ നിന്ന് ചട്ണി അബദ്ധത്തിൽ പ്രതികളിൽ ഒരാളുടെ വസ്ത്രത്തിൽ തെറിച്ചു. യുവാക്കൾ ഇത് ചോദ്യം ചെയ്തു. എന്നാൽ മുരളി കൃഷ്ണ മോശം വാക്കുകൾ ഉപയോഗിച്ചതോടെ തർക്കം രൂക്ഷമാവുകയായിരുന്നു.
ഹൈദരാബാദ്: ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ ചട്ണി ഷർട്ടിൽ വീണതിനെ ചൊല്ലിയുണ്ടായ തർക്കത്തിനെ തുടർന്ന് ഒരാളെ കുത്തിക്കൊന്നു. കല്യാൺപുരി നിവാസി മുരളി കൃഷ്ണ (45) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് യുവാക്കളും പ്രായപൂർത്തിയാകാത്തയാളുമടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കലാശിച്ചത്. മുഹമ്മദ് ജുനൈദ് (18), ഷെയ്ക് സൈഫുദ്ദീൻ (18), പി. മാണികണ്ഠ (21), 16 വയസ്സുള്ള ആൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ നാച്ചാരം ഏരിയയിലെ ഒരു ടിഫിൻ സെന്‍ററിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെയിന്‍റിംഗ് തൊഴിലാളിയാണ് കൊല്ലപ്പെട്ട മുരളി കൃഷ്ണ.
എൻജിആർഐക്ക് സമീപമുള്ള ഒരു മൊബൈൽ ടിഫിൻ സെന്ററിൽ വെച്ച് ഭക്ഷണം കഴിക്കുന്നതിനിടെ, മുരളി കൃഷ്ണയുടെ പ്ലേറ്റിൽ നിന്ന് ചട്ണി അബദ്ധത്തിൽ പ്രതികളിൽ ഒരാളുടെ വസ്ത്രത്തിൽ തെറിച്ചു. യുവാക്കൾ ഇത് ചോദ്യം ചെയ്തു. എന്നാൽ മുരളി കൃഷ്ണ മോശം വാക്കുകൾ ഉപയോഗിച്ചതോടെ തർക്കം രൂക്ഷമാവുകയായിരുന്നു. പിന്നീട് ഇവർ ഇവിടെ നിന്നും പിരിഞ്ഞു. എന്നാൽ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോകാൻ നിന്ന മുരളിയെ പ്രതികൾ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറിൽ കയറ്റി നാച്ചാരം ഇൻഡസ്ട്രിയൽ ഏരിയയിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും രണ്ട് മണിക്കൂറോളം ക്രൂരമായി മർദ്ദിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികൾ മുരളി കൃഷ്ണയെ ആവർത്തിച്ച് മർദിക്കുകയും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നിരവധി തവണ കുത്തി. പിന്തുടർന്നെത്തിയ പ്രതികൾ മരണം ഉറപ്പാക്കിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രദേശത്ത് കൂടി കടന്ന് പോയവരാണ് മുരളി കൃഷ്ണയുടെ മൃതദേഹം കണ്ടെത്തി പൊലീസിൽ വിവരമറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പ്രതികളെ തിരിച്ചറിയുകയും പിന്നീട് മൊബൈൽ ലൊക്കേഷൻ വെച്ച് പ്രതികളെ മൗലാലിയിൽ നിന്ന് ചൊവ്വാഴ്ച പിടികൂടി. അന്വേഷണത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച കാറും ആയുധവും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രായപൂർത്തിയായ മൂന്ന് പ്രതികളെ ചഞ്ചൽഗുഡ ജയിലിൽ റിമാൻഡ് ചെയ്യുകയും, പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ഹോമിലേക്ക് അയക്കുകയും ചെയ്തു.


