പനാജി: സംസ്ഥാനത്ത് കൊവിഡ് 19 സമൂഹവ്യാപനം ആരംഭിച്ചതായി വ്യക്തമാക്കി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയിലെ എല്ലാ ഭാഗങ്ങളിലും കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് രോഗികളില്‍ നിന്ന് മറ്റ് രോഗികളിലേക്ക് അസുഖം പടരുന്നതിന്‍റെ സൂചനയാണ്. സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ട് എന്നത് അംഗീകരിക്കാതെ വയ്യെന്നും ഗോവ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. 

പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി. സംസ്ഥാനത്ത് എത്തുന്ന  എല്ലാവരും കൊവിഡ് 19 ടെസ്റ്റിന് വിധേയമാവുകയോ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ പാലിക്കുകയോ ചെയ്യണമെന്ന നിര്‍ദേശം പിന്തുടരുന്ന സംസ്ഥാനമാണ് ഗോവ. സാമൂഹ്യ അകലം പാലിക്കപ്പെടുന്നുണ്ടെന്നും ആളുകള്‍ മാസ്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണമെന്നും പൊലീസിന് പ്രമോദ് സാവന്ത് നിര്‍ദ്ദേശം നല്‍കി. 

മാര്‍ക്കറ്റ് പോലെ ആളുകള്‍ കൂടുന്നയിടങ്ങളില്‍ സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണമെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മെയ് അവസാനം വരെ കൊവിഡ് 19 മുക്തമായ സംസ്ഥാനമായിരുന്നു ഗോവ. മെയ് അവസാന വാരത്തോടെയാണ് ഇവിടെ വീണ്ടും കൊവിഡ് 19 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 44 പുതിയ കേസുകള്‍ അടക്കം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 1039ആയിയെന്നാണ് ഗോവ ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്.