ലക്നൗ: മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളെ ഇനി ആവശ്യമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍, ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷം ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളുടെ കാര്യത്തില്‍ ഇതെങ്ങനെ നടപ്പാക്കുമെന്ന കാര്യം അദ്ദേഹം വ്യക്തത വരുത്തിയില്ല.

എങ്കിലും കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒരു കമ്മീഷന്‍ രൂപീകരിക്കുമെന്നും അവര്‍ക്ക് സംസ്ഥാനത്ത് തന്നെ ജോലി നല്‍കാന്‍ ശ്രമിക്കുമെന്നും യോഗി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴിലിനായി പോകുന്നവര്‍ക്ക് ഇന്‍ഷുറന്‍സും സുരക്ഷയും സര്‍ക്കാര്‍ ഒരുക്കും. പക്ഷേ, മറ്റ് സംസ്ഥാനങ്ങള്‍ യുപിയില്‍ നിന്നുള്ള തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന അവസ്ഥ പരിഗണിച്ചാണ് സര്‍ക്കാരിന്‍റെ അനുമതി വേണമെന്നുള്ള നിബന്ധന മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെ കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങള്‍ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പല സ്ഥാപനങ്ങള്‍ക്കും ശമ്പളം പോലും കൊടുക്കാന്‍ കഴിയാതെ വരുമ്പോഴും കുടിയേറ്റ തൊഴിലാളികളുടെ പലായനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് തമിഴ്നാടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

എല്ലാ തരത്തിലുള്ള സൗകര്യങ്ങളും കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒരുക്കാനായാണ് പ്രത്യേക കമ്മീഷന്‍ രൂപീകരിക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇതുവരെ ഏകദേശം 20 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ യുപിയിലേക്ക് തിരിച്ചെത്തിയെന്നാണ് കണക്കുകള്‍. ഇങ്ങനെ തിരിച്ചെത്തിയ കൊവിഡ് ബാധിതരായ കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തുള്ള മറ്റ് രോഗികളെക്കാള്‍ വേഗം സുഖപ്പെടുന്നുണ്ടെന്നും യോഗി അവകാശപ്പെട്ടു.