ദില്ലി: കൊവിഡ് മരുന്ന് വിതരണത്തിൽ സംസ്ഥാനങ്ങൾ ഇടപെടേണ്ടതില്ലെന്ന് വിദ​ഗ്ധ സമിതിയുടെ നിർദ്ദേശം. മരുന്ന് വിതരണം കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ നടക്കും. സംഭരണം മുതൽ വിതരണം വരെ ഉള്ള കാര്യങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോം വേണമെന്നും തീരുമാനമായിട്ടുണ്ട്. കേന്ദ്രം നിയോഗിച്ച ഡോ. വി കെ പോൾ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ആദ്യ യോഗത്തിന്റേതാണ് തീരുമാനം. രാജ്യത്തെ വിപുലമായ ജനസംഖ്യ കണക്കിലെടുത്താണ് നിർദ്ദേശം.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി നാല് ലക്ഷത്തിലേക്ക് അടുക്കുകയാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പറയുന്നു. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കൊവിഡ് കേസുകൾ അറുപതിനായിരത്തിനടുത്തെത്തിയേക്കും. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 12,712 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം..

9597 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ ആന്ധ്രയിലെ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നിട്ടുണ്ട്. കർണാടകയിൽ ഇന്നലെ 7883 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ 5871 ആണ് പ്രതിദിന രോഗബാധ. ബംഗാളിൽ 2936 പേർക്കും രോഗം കണ്ടെത്തി. കേന്ദ്രമന്ത്രി ശ്രീപദ് നായികിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാനയിൽ ഇന്ന് 1931 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11 മരണം ഉണ്ടായി. ഇതോടെ . ആകെ മരണം 665 ആയി. 22736 പേർ സംസ്ഥാനത്തു ചികിത്സയിലുണ്ട്.  ആകെ രോഗികൾ 86475. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 70.38 ശതമാനമായി ഉയർന്നു.