ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയെങ്കിലും നിയമപരമായി സാധിക്കില്ലെന്ന് ആഭ്യന്തര മന്താലയത്തിലെ ഉദ്യോഗസ്ഥര്‍. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാന്‍ പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. പൗരത്വം നല്‍കുന്നത് കേന്ദ്ര സര്‍ക്കാറിന്‍റെ പൂര്‍ണ അധികാര പരിധിയിലെ കാര്യമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ വിസ്സമ്മതിച്ചാല്‍ സര്‍ക്കാറിനെ പിരിച്ചുവിടുന്നതടക്കമുള്ള നിയമ നടപടി കേന്ദ്രത്തിന് സ്വീകരിക്കാം. 

പൗരത്വ നിയമ ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം രാത്രി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ടതോടെ  നിയമമായിരുന്നു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും വലിയ ഭൂരിപക്ഷത്തോടെ ബില്‍ പാസായി. 

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എന്നിവരാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് നിയമമെന്നും അതുകൊണ്ട് തന്നെ കേരളത്തില്‍ നടപ്പാക്കില്ലെന്നുമായിരുന്നു പിണറായി വിജയന്‍റെ പ്രസ്താവന.

മതത്തിന്‍റെ അടിസ്ഥാനത്തില്‍ ജനത്തെ വിഭജിക്കുന്നതായതിനാല്‍ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമതാ ബാനര്‍ജിയും വ്യക്തമാക്കി. സമാന അഭിപ്രായവുമായി പഞ്ചാബ് മുഖ്യമന്ത്രിയും രംഗത്തെത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയികുന്നു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.