ലോക്ക് ഡൗണിന്‍റെ മൂന്നാം ഘട്ടം മെയ് 17-ന് അവസാനിക്കാനിരിക്കെ കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചന. 

ദില്ലി: ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ രൂപരേഖ സമര്‍പ്പിക്കണണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ റൂട്ടിലും ട്രെയിൻ സര്‍വ്വീസ് ഉണ്ടാവില്ലെന്നും വളരെക്കുറിച്ച് ട്രെയിനുകളെ ഓടിക്കുകയെന്നും മോദി പറഞ്ഞു. ലോക്ക് ഡൗണിന്‍റെ മൂന്നാം ഘട്ടം മെയ് 17-ന് അവസാനിക്കാനിരിക്കെ കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചന. ദില്ലിയിൽ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് 6 സംസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടത്. 

ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് ധാരണ. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമായുള്ള യോഗം ആറ് മണിക്കൂറാണ് നീണ്ടത്. വിവിധ സംസ്ഥാനങ്ങൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ നിർണയിക്കാൻ അനുമതിയുണ്ടാകും. ഇത്തരത്തിൽ സോണുകളുടെ പട്ടിക തയ്യാറാക്കി 15-ാം തീയതിക്ക് മുമ്പ് നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 

ബിഹാർ, ഉത്തർപ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണം എന്നാവശ്യപ്പെട്ടപ്പോള്‍, കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് നിലപാടെടുത്തത്. എന്നാൽ മരണനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും മുകളിൽ നിൽക്കുന്ന ഗുജറാത്ത് ലോക്ക് ഡൗണ്‍ നീട്ടരുതെന്നാണ് നിലപാടെടുത്തതെന്നത് ശ്രദ്ധേയമായി. ലോക്ക് ഡൗണില്‍ ഇളവുകളാകാമെങ്കിലും, ട്രെയിൻ ഗതാഗതം അനുവദിക്കരുതെന്ന് കേരളവും തെലങ്കാനയും ഒഡിഷയും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.