ചെന്നൈ: തൂത്തുക്കുടി വെടിവെപ്പിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച നടൻ രജനീകാന്തിനോട് നിങ്ങള്‍ ആരാണെന്ന് ചോദിച്ച യുവാവ് ബൈക്ക് മോഷണക്കേസില്‍ അറസ്റ്റില്‍. തൂത്തുക്കുടി സ്വദേശിയായ സന്തോഷാണ് (23) പിടിയിലായത്. ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് വ്യാജരേഖകൾ ചമച്ച് ഒഎല്‍എക്സിലൂടെ വില്‍പ്പന നടത്തിവരികയായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ സന്തോഷിന്‍റെ കൂട്ടാളികളായ മണികണ്ഠൻ (23), ശരവണൻ (22) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

2018 മേയ് 22ന് തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് സമരക്കാർക്കുനേരേ പൊലീസ് വെടിവെപ്പ് നടത്തിയിരുന്നു. വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതെത്തുടര്‍ന്ന് ആശുപത്രിയില്‍ വെടിയേറ്റവരെ കാണാനെത്തിയ രജനീകാന്തിനോട് സന്തോഷ് 'യാര്‍ നീങ്കെ?' എന്ന് ചോദിച്ചത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സമരം തുടങ്ങി നൂറ് ദിവസം പിന്നിട്ടിട്ടും പിന്തുണയുമായി രജനികാന്ത് എത്തിയിരുന്നില്ല. എന്നാല്‍ ദുരന്തത്തിന് ശേഷം ആശുപത്രിയിലെത്തി. ഇതില്‍ പ്രതിഷേധിച്ചായിരുന്നു യുവാവിന്‍റെ ചോദ്യം.

രജനീകാന്തിനെ ചോദ്യം ചെയ്തതോടെ യുവാവ് പ്രദേശത്ത് വലിയ താരമായി. പിന്നീട് ഇയാളുടെ നേതൃത്വത്തില്‍ യുവജന സംഘടന രൂപീകരിച്ച് ചില പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എന്നാല്‍ പിന്നീട് പണമില്ലാതായതോടെ ബൈക്ക് മോഷണത്തിലേക്ക് തിരിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തൂത്തുക്കുടിയിലും പരിസരപ്രദേശങ്ങളില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് ഒഎല്‍എക്സില്‍ പരസ്യം നല്‍കിയായിരുന്നു വില്‍പ്പന. ഈയിടെ മോഷണം മോയ തന്‍റെ ബൈക്ക് ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് വച്ചത് ശ്രദ്ധയില്‍പ്പെട്ട യുവാവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സന്തോഷ് കുടുങ്ങിയത്. ബൈക്ക് വാങ്ങാനെന്ന വ്യാജേന പരസ്യത്തിലെ നമ്പരില്‍ വിളിച്ച് പൊലീസ് സന്തോഷിനെയും കൂട്ടാളികളെയും പിടികൂടുകയായിരുന്നു.