ദില്ലി: ജെഎന്‍യു ക്യാമ്പസില്‍ മുഖം മൂടി ആക്രമണം നടത്തിയ സംഭവത്തില്‍ സൂക്ഷ്‌മ പരിശോധനയ്ക്ക് ഹാജരാകാന്‍ എബിവിപി പ്രവര്‍ത്തകന്‍ അക്ഷത് അവസ്തിക്ക് നിര്‍ദേശം. ഇന്ത്യ ടുഡേ നടത്തിയ ഒളിക്യാമറ അന്വേഷണത്തില്‍ ക്യാമ്പസില്‍ നടന്ന അക്രമത്തിലുള്ള പങ്ക് അക്ഷത് അവസ്തി തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദില്ലി പൊലീസിന്‍റെ നടപടി.  20 എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം ക്യാപസിന് വെളിയില്‍ നിന്ന് എത്തിയ ആളുകള്‍ കൂടിയാണ് ക്യാംപസില്‍ നടന്ന അക്രമ പദ്ധതി തയ്യാറാക്കിയതെന്നായിരുന്നു അക്ഷത് അവസ്തി ഒളിക്യാമറയില്‍ പ്രതികരിച്ചത്. 

രോഹിത് ഷാ  എന്നൊരു വിദ്യാര്‍ഥിയും അക്രമത്തിന് പിന്നിലെ എബിവിപി സാന്നിധ്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. രോഹിത് ഷായ്ക്കൊപ്പം അക്ഷത് അവസ്തിയോട് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് ദില്ലി പൊലീസ് ക്രൈം ബ്രാഞ്ച്  ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. അതേസമയം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍  അധ്യക്ഷ ഐഷി ഘോഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അക്രമി സംഘത്തെ തിരിച്ചറിഞ്ഞുവെന്ന് അറിയിച്ച് പൊലീസ് പുറത്തുവിട്ട ഒന്‍പത് ചിത്രങ്ങളിലെ ഏഴുപേര്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയൻ പ്രതിനിധികളും രണ്ടുപേര്‍ ജെഎൻയുവിലെ തന്നെ എബിവിപി പ്രവര്‍ത്തകരുമായിരുന്നു. 

അക്രമം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന വാട്സപ്പ് സന്ദേശങ്ങളുടെ ഫോട്ടോകൾ പുറത്തുവന്നിരുന്നു. ഇതിലെ പലരെയും തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ടെങ്കിലും ആരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ദില്ലി പൊലീസിന്‍റെ അന്വേഷണ രീതിയെ രൂക്ഷമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വിമര്‍ശിച്ചിരുന്നു. എബിവിപിക്കാര്‍ക്ക് വേണ്ടിയാണ് കേസ് അന്വേഷിക്കുന്നത് എന്നതു പോലെയായിരുന്നു ദില്ലി പൊലീസിന്‍റെ വാര്‍ത്താസമ്മേളനമെന്ന് വിദ്യാർത്ഥി യൂണിയന്‍ ആരോപിച്ചത്.