സ്കോർപിയോ കാറിനുള്ളിൽ ഇരിക്കുമ്പോൾ ബൈക്കിൽ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത്. ഇവർ ആദ്യം ഡ്രൈവർ സൈഡിൽ ബൈക്ക് നി‍ർത്തി

ചണ്ഡിഗഡ്: പഞ്ചാബിലെ ജയിലിൽ കഴിയുന്ന ഗുണ്ടാ സംഘനേതാവ് ജഗ്ഗു ഭഗവൻപുരിയയുടെ അമ്മ ഹർജിത് കൗറിനെയും ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊന്നു. വ്യാഴാഴ്ച രാത്രി 9:30ന് പഞ്ചാബിലെ ബടാലയിലാണ് സംഭവം. സിവിൽ ലൈൻസ് ഏരിയയിലെ ഖാദിയാൻ റോഡിനടുത്തുള്ള ഒരു ബേക്കറിക്ക് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്.

Add Asianetnews as a Preferred SourcegooglePreferred

ജഗ്ഗു ഭഗവൻപുരിയയുടെ അമ്മ ഹർജിത് കൗർ (52) , കാർ ഓടിച്ചിരുന്ന കരൺവീർ സിംഗ് (29) എന്നിവർ ഒരു സ്കോർപിയോ കാറിനുള്ളിൽ ഇരിക്കുമ്പോൾ ബൈക്കിൽ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത്. കാറിന്റെ ഡ്രൈവർ സൈഡിൽ ബൈക്ക് നിർത്തിയ ശേഷം ഇവർ വെടിയുതിർക്കുകയായിരുന്നു. ഡ്രൈവർ കരൺവീർ സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഹർജിത് കൗറിന്റെ ശരീരത്തിൽ ആറ് വെടിയുണ്ടകൾ തറച്ചുകയറി. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

കാർ ഓടിച്ചിരുന്ന കരൺവീർ സിങ് ആയിരുന്നു അക്രമികളുടെ പ്രധാന ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് പേ‍ർക്കും മുഖത്തും നെഞ്ചത്തും വയറിലുമാണ് വെടിയേറ്റത്. 128-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുരുദാസ്പൂർ സ്വദേശിയായ ജഗ്ഗു ഭഗവൻപുരിയ, 2022-ൽ പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും അറസ്റ്റിലായിരുന്നു.

പിന്നീട് ഇക്കഴിഞ്ഞ മാർച്ചിൽ 2025 മാർച്ചിൽ, ലഹരി വരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഇയാളെ, ബത്തിന്ദ ജയിലിൽ നിന്ന് അസമിലെ സിൽചാർ ജയിലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസത്തെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.