ആക്രമണത്തിന്റെ കാരണം എന്താണെന്ന് പോലും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗുരുതര പരിക്കുകളോടെ പൊലീസുകാരൻ ചികിത്സയിലാണ്.
ഭോപ്പാൽ: അർദ്ധരാത്രി പൊലീസ് സ്റ്റേഷനിൽ കയറി ബാരക്കിൽ വിശ്രമിക്കുകയായിരുന്ന പൊലീസുകാരനെ വെടിവെച്ച ശേഷം യുവാവ് രക്ഷപ്പെട്ടു. മദ്ധ്യപ്പദേശിലെ സത്ന ജില്ലയിലാണ് സംഭവം. ആക്രമണത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ല. 36കാരനായ ഹെഡ് കോൺസ്റ്റബിൾ പ്രിൻസ് ഗാർഗിനാണ് നെഞ്ചിൽ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം റേവയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
വെടിവെച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല. ഇയാളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പൊലീസ് 30,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നതായി സത്ന എസ്.പി അഷുതോഷ് ഗുപ്ത പറഞ്ഞു. സത്ന ജില്ലാ ആസ്ഥാനത്തു നിന്ന് 25 കിലോമീറ്റർ അകലെയുള്ള ജൈത്‍വാര പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഡ്യൂട്ടിക്ക് ശേഷം ബാരക്കിൽ ഉറങ്ങുകയായിരുന്ന പൊലീസുകാരന് നേരെ അർദ്ധരാത്രിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. നാടൻ തോക്ക് ഉപയോഗിച്ച് വളരെ അടുത്ത് നിന്ന് നെഞ്ചത്ത് വെടിവെയ്ക്കുകയായിരുന്നു.
അച്ചു ശർമ എന്ന ആദർശ് (20) ആണ് വെടിയുതിർത്തതെന്നും. ക്രിമിനൽ സ്വഭാവമുള്ള ഇയാളെ വീട്ടുകാർ പുറത്താക്കിയതാണെന്നും പൊലീസ് പറയുന്നു. വീടിന് തീയിടാൻ ശ്രമിച്ചതിനും അമ്മൂമ്മയെ ആക്രമിച്ചതിനും നേരത്തെ ഇയാൾക്കെതിരെ പരാതികളുണ്ടായിരുന്നു. 12 സംഘങ്ങളായി തിരിഞ്ഞ് പൊലീസുകാർ ഇയാളെ കണ്ടെത്താൻ ഊർജിത തെരച്ചിൽ നടത്തുകയാണ്. അതേസമയം ഇയാൾ എന്തിനാണ് വെടിവെച്ചതെന്ന് പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
നേരത്തെയൊരിക്കൽ ഇയാൾ സുഹൃത്തിൽ നിന്ന് വാങ്ങിയ മോട്ടോർസൈക്കിൾ തിരികെ കൊടുക്കുന്നില്ലെന്ന് ആരോപിച്ച് സുഹൃത്ത് പൊലീസിനെ സമീപിച്ചിരുന്നു. അന്ന് ഈ പൊലീസുകാരനാണ് സംഭവത്തിൽ ഇടപെട്ട് ബൈക്ക് തിരികെ വാങ്ങി കൊടുത്തത്. ഈ സംഭവം മാത്രമാണ് ഇരുവർക്കുമിടയിലുള്ളതെന്നും അതിലുള്ള വൈരാഗ്യം കൊണ്ട് പൊലീസുകാരനെ ആക്രമിച്ചതാവാമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടി വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
