ഒഡീഷ: സൂരജ് കുമാർ‌ രാജ് വെറുമൊരു ട്രാഫിക് പൊലീസ് ഉദ്യോ​ഗസ്ഥനല്ല, അദ്ദേഹത്തിന് മറ്റൊരു പേരു കൂടിയുണ്ട്, ബേർഡ് മാൻ. എന്തുകൊണ്ടാണ് ഈ പേര് എന്നറിയണ്ടേ? കഴിഞ്ഞ പത്തുവർഷത്തി ലധികമായി ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബരിപാ‍‍‍ഡ പട്ടണത്തിലെ നിരവധി സ്ഥലങ്ങളിൽ പ്രാവുകൾക്കും മറ്റ് പക്ഷികൾക്കും അന്നം നൽകുന്നത് ഈ ട്രാഫിക് പൊലീസ് ഉദ്യോ​ഗസ്ഥനാണ്. "ഒരു ട്രാഫിക് പോലീസ് ഓഫീസർ എന്ന നിലയിലുള്ള ജോലി പോലെ, ഈ പക്ഷികളെ പോറ്റുന്ന ജോലിയും ഞാൻ ഏറ്റെടുത്തിരിക്കുകയാണ്. അവർ എന്റെ അടുക്കൽ വന്ന് കൈകൾക്കുള്ളിൽ നിന്ന് കൊത്തിത്തിന്നുമ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. അവർ എന്നെ സ്നേഹിക്കുന്നതുപോലെ ഞാൻ അവരെയും സ്നേഹിക്കുന്നു. ചിലപ്പോൾ ഡ്യൂട്ടിയിൽ നിൽക്കുന്ന സമയത്തും അവരെന്റെ തോളിൽ വന്നിരിക്കും.” സൂരജ് കുമാർ രാജ് പറയുന്നു. 

എത്ര വലിയ ജനക്കൂട്ടത്തിന്റെ നടുവിൽ നിൽക്കുകയാണെങ്കിലും  പക്ഷികൾക്ക് തന്നെ തിരിച്ചറിയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് പ്രാവുകളാണ് എല്ലാ ദിവസവും രാവിലെ ഇദ്ദേഹത്തെ കാത്തുനിൽക്കുന്നത്. ഭക്ഷണം പുറത്തെടുക്കുന്നതിന് മുമ്പ് തന്നെ എല്ലാം പറന്ന് തന്റെ അരികിലേക്ക് വരുമെന്നും സൂരജ് കൂട്ടിച്ചേർക്കുന്നു. "ഈ പക്ഷികള്‍ക്ക് ആഹാരം നൽകുന്നതിൽ ഞാൻ സന്തോഷവാനാണ്. പശുക്കൾക്കും ഞാൻ ഭക്ഷണം നൽകാറുണ്ട്. ഞാൻ ബൈക്കിൽ വരുന്നതു കണ്ടയുടനെ അവ എന്റെ അടുത്തേക്ക് ഓടിവരും," രാജ് പറഞ്ഞു.

പട്ടണത്തിലെ ആളുകൾ ബേർഡ്മാൻ എന്നാണ് സൂരജ് കുമാറിനെ വിളിക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അവിമാന്യു നായക് പറഞ്ഞു. ''അദ്ദേഹത്തിന്റെ സേവനത്തിൽ ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പക്ഷികളെ പോറ്റുന്നത് അദ്ദേഹമാണ്. ഔദ്യോ​ഗിക ജോലിയും വളരെ ആത്മാർത്ഥമായി ചെയ്യുന്ന വ്യക്തിയാണ് സൂരജ്കുമാർ രാജ്.”നായക് പറഞ്ഞു.