ദില്ലി: പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളില്‍ പ്രതിഷേധമുണ്ടെന്ന്  ഇന്ത്യ. നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാക് മന്ത്രിമാർ നടത്തുന്നത്. ആശങ്കാജനകമായ സാഹചര്യമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

വ്യോമപാതകള്‍ അടച്ചെന്ന് ഇന്ത്യയെ പാകിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ഇന്ത്യക്ക് അറിവുണ്ടായിരുന്നു. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ ഇന്ത്യ സംയമനത്തോടെയാണ്  കൈകാര്യം ചെയ്യുന്നത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭക്ക് നമല്‍കിയ പരാതിക്ക് കടലാസിന്‍റെ വില പോലുമില്ല. കച്ചില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ലെന്നും രവീഷ് കുമാര്‍ പറഞ്ഞു.

ഒക്ടോബറിനു ശേഷം ഇന്ത്യാ-പാക് യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് ഷെയ്ഖ് റഷീദ് അഹമ്മദ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാകിസ്ഥാന്‍  ഭീഷണിയുയര്‍ത്തുകയും ചെയ്തിരുന്നു. 

Read Also: ആണവ ബാലിസ്റ്റിക് മിസൈൽ 'ഗസ്‍നാവി' പരീക്ഷിച്ച് പാകിസ്ഥാൻ, ജാഗ്രതയോടെ ഇന്ത്യ