ഒരു വാർത്താധിഷ്ഠിത പരിപാടിയിൽ വച്ചാണ് യുവാവ് തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത്. സർക്കാരിനെ വിമർശിക്കുന്ന ഈ പരാമർശം വന്നതിനെ തുടർന്ന് പരിപാടി അപ്പോൾത്തന്നെ തടസ്സപ്പെടുകയായിരുന്നു. പിന്നീട് ഒരു കൂട്ടം ആളുകൾ ചേർന്ന് യുവാവിനെ മർദ്ദിക്കാനാരംഭിച്ചു. 

ലഖ്നൗ: ഒരു കൂട്ടം ആളുകൾ ചേർന്ന് യുവാവിനെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഒരു ടെലിവിഷൻ പരിപാടിയിൽ രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ചു എന്നതാണ് ആൾക്കൂട്ടം അയാൾക്ക് മേൽ ആരോപിച്ചിരിക്കുന്ന കുറ്റം. ഉത്തർപ്രദേശിലെ മുസാഫിർ ന​ഗറിൽ ബിജെപി പ്രവർത്തകരാണ് യുവാവിനെ ഇത്തരത്തിൽ അതിക്രൂരമായി മർദ്ദിക്കുന്നത്. ഓരോരുത്തരും യുവാവിനെ മർദ്ദിക്കുന്നതായി കാണാം. അതിലൊരാൾ ഇരയായ യുവാവിനെ ഭീകരവാദി എന്നും വിളിക്കുന്നുണ്ട്. 

ഒരു വാർത്താധിഷ്ഠിത പരിപാടിയിൽ വച്ചാണ് യുവാവ് തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത്. സർക്കാരിനെ വിമർശിക്കുന്ന ഈ പരാമർശം വന്നതിനെ തുടർന്ന് പരിപാടി അപ്പോൾത്തന്നെ തടസ്സപ്പെടുകയായിരുന്നു. പിന്നീട് ഒരു കൂട്ടം ആളുകൾ ചേർന്ന് യുവാവിനെ മർദ്ദിക്കാനാരംഭിച്ചു. ''ഇവിടെ തൊഴിൽ ഇല്ലെന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ. ഞാൻ ഒരു ഭീകരവാദി ആണെന്ന് അപ്പോൾ അവർ പറഞ്ഞു. ഇന്ത്യയ്ക്കും ബിജെപിയ്ക്കും എതിരായി സംസാരിച്ചു എന്ന് പറഞ്ഞാണ് അവർ എന്നെ മർദ്ദിച്ചത്.'' മർദ്ദനത്തിനിരയായ യുവാവ് പ്രാദേശിക ചാനലിനോട് വെളിപ്പെടുത്തി. 

അക്രമികളുടെ മുഖം വീഡിയോ ദൃശ്യങ്ങളിൽ‌ കൃത്യമായി കാണാൻ സാധിക്കുന്നുണ്ട്. സംഭവത്തിൽ നടപടിയെടുക്കുമെന്ന് മുസാഫിർ ന​ഗർ പൊലീസ് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി അറിയാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കശ്മീരിൽ നിന്നുള്ള ‍വഴിയോരക്കച്ചവടക്കാർക്കും മർദ്ദനം ഏൽക്കേണ്ടി വന്നിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തൊഴിലില്ലായ്മ.