ഇതോടെ രണ്ടാഴ്ച്ചക്കുള്ളില്‍ തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം ആറായി.

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കളക്കാട് രാജലിംഗപുരത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. കോളേജ് ഫീസ് അടയ്ക്കാൻ വഴിയില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്യുന്നത്.

ഇന്ന് രാവിലെ ശിവഗംഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയിരുന്നു. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവകാശിക്ക് സമീപം അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥി ഇന്നലെ വൈകുന്നേരം ജീവനൊടുക്കിയിരുന്നു. ഇതോടെ രണ്ടാഴ്ച്ചക്കുള്ളില്‍ തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം ആറായി. നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം അഞ്ച് ഹയർ സെക്കന്‍ററി വിദ്യാർത്ഥികളാണ് ഇതിന് മുന്നേ ആത്മഹത്യ ചെയ്തത്.

ഏത് സാഹചര്യത്തിലും ജീവൻ വെടിയുന്നതിനെപ്പറ്റി ചിന്തിക്കരുതെന്നും കുട്ടികളെ ശാരീരികമായോ മാനസികമായോ ലൈംഗികമായോ ഉപദ്രവിക്കുന്ന സംഭവങ്ങളിലെ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എം കെസ്റ്റാലിൻ ഇന്നലെ പറഞ്ഞിരുന്നു. ആത്മഹത്യകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പും പൊലീസും വിവിധ ജില്ലാ അധികാരികളിൽ നിന്ന് റിപ്പോർട്ട് തേടി. സമ്മർദ്ദവും പ്രതിസന്ധികളും അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Read Also : വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; തമിഴ്നാട്ടില്‍ രണ്ടാഴ്ച്ചയ്ക്കിടെ ജീവനൊടുക്കിയത് അഞ്ച് വിദ്യാര്‍ത്ഥികള്‍

വയനാട്ടില്‍ സിവില്‍ സപ്ലൈസ് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

വയനാട്ടില്‍ സിവില്‍ സപ്ലൈസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാരംകുന്ന് പറമ്പത്ത് രാജേഷ് (36) എന്നയാളാണ് മരിച്ചത്. പനമരം കണിയാമ്പറ്റ വില്ലേജ് ഓഫീസിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരികയായിരുന്നു രാജേഷ്. ചെവ്വാഴ്ച വൈകീട്ട് നാലരയോടെ ഇയാളെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. പനമരം ബ്ലോക്ക് പഞ്ചായത്തിലെ ഓവര്‍സിയര്‍ ജാന്‍സി (സ്വപ്‌ന) യാണ് രാജേഷിന്‍റെ ഭാര്യ. മക്കള്‍ : കൃഷ്ണവേണി, യദുവര്‍ണ. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.