ചെന്നൈ: അംബേദ്കര്‍ പെരിയാര്‍ സംഘടനാ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥിയെ പുറത്താക്കി. പിജി ക്ലാസ് തുടങ്ങി ഒന്നര മാസത്തിന് ശേഷമാണ് യോഗ്യതയില്ലെന്ന് വിശദീകരിച്ച് വിദ്യാര്‍ത്ഥിയെ പുറത്താക്കിയത്. സര്‍വ്വകലാശാലയിലെത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചതാണ് നടപടിക്ക് കാരണമെന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി ടി കിരുമ്പമോഹന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംഭവത്തില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി പറയുന്നത് ഇങ്ങനെയാണ്... ആഗസ്റ്റ് 21ന് വകുപ്പുതല മേധാവി വിളിച്ചുവരുത്തി പ്രവേശനം റദ്ദാക്കണമെന്ന് വിസിയുടേയും ഗവര്‍ണറുടേയും സമ്മര്‍ദ്ദം ഉണ്ടെന്ന് പറഞ്ഞു. എന്താണ് കാരണമെന്ന ചോദ്യത്തിന്, അംബേദ്കര്‍ പെരിയാര്‍ സംഘടനാ പ്രവര്‍ത്തനം പ്രശ്നമായെന്നാണ് അറിയിച്ചത്. 

അംബേദ്കര്‍ പെരിയാര്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേരത്തെയും ഇത്തരം നടപടികളുണ്ടായിരുന്നതായി സംഘടനാ സെക്രട്ടറി ഇളവരശി പറയുന്നു.   തിരുവാസകം എന്ന പേരില്‍ പുസ്തകം പ്രകാശനം ചെയ്തപ്പോള്‍ പോലും പ്രശ്നം നേരിടേണ്ടി വന്നു. എച്ച് രാജയുടെ നേതൃത്വത്തില്‍ ആര്‍എസ്എസുകാര്‍ രംഗത്തെത്തി. പ്രകാശനം ചെയ്ത അധ്യാപകനെ പുറത്താക്കാനും ശ്രമമുണ്ടായതായും ഇളവരശി ആരോപിക്കുന്നു.

മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് എംഎ ജേണലിസം പൂര്‍ത്തിയാക്കിയ ശേഷം ജൂലൈ 27നാണ് എംഎ ബുദ്ധിസം കോഴ്സിന് കിരമ്പമോഹന്‍ ചേര്‍ന്നത്. ഒന്നര മാസത്തോളം ക്ലാസിലുരുന്നു. പിന്നാലെ  ലഭിച്ചത് പുറത്താക്കല്‍ നോട്ടീസ്. എച്ച് രാജ അടക്കം സര്‍വ്വകലാശാലയില്‍ ബിജെപി നേതാക്കള്‍ അതിഥിയായി എത്തിയത് കിരുമ്പമോഹന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തിരുന്നു. 

ബിജെപി നേതാക്കള്‍ പങ്കെടുത്ത വേദിക്ക് സമീപം  അംബേദേകര്‍ പെരിയാര്‍ സംഘടനാ വിദ്യാര്‍ത്ഥികള്‍  പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രവേശനത്തിന് വേണ്ട യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ പുറത്താക്കല്‍ നോട്ടീസ് നല്‍കിയത്. 

സര്‍വ്വകലാശാല നടപടിക്ക് എതിരെ കിരുമ്പമോഹന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി സര്‍വ്വകലാശാലയോട് വിശദീകരണം തേടുകയും ചെയ്തു. എന്നാല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാകാത്തതിനാലാണ് നടപടിയെന്നായിരുന്നു സര്‍വ്വകലാശാല അധികൃതരുടെ വിശദീകരണം. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.