കൊൽക്കത്ത: പൗരത്യഭേദഗതിക്കെതിരായ പ്രതിഷേധത്തിന്‍റെ പശ്ചിമ ബംഗാൾ ഗവർണർ ജഗ്‍ദീപ് ധങ്കറിനെ വിദ്യാർത്ഥികൾ തടഞ്ഞു. ജാദവ്പ്പൂർ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ബിരുദദാന ചടങ്ങിനെത്തിയ ഗവർണറെ തട‌ഞ്ഞത്.  കഴിഞ്ഞ ദിവസം എത്തിയപ്പോഴും സർവ്വകലാശാലയിലെ വിദ്യാർഥികൾ ഗവർണറെ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. 

ഗവർണർ ഗോ ബാക്ക് എന്ന മുദ്രാവാക്യ വിളിച്ച വിദ്യാർത്ഥികൾ, ധങ്കറിനെ പദ്മപാൽ ( താമരയെ പരിപാലിക്കുന്നവൻ) എന്ന് വിളിച്ച് പ്രതിഷേധിച്ചു. ഗവർണർ എന്ന നിലയിൽ കാണിക്കേണ്ട നിഷ്പക്ഷത ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നാണ് വിദ്യാർ‍ത്ഥികളു‍ടെ ആരോപണം. 

സംഭവത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച പശ്ചിമബംഗാൾ ഗവർണ‌ ജാധവപൂർ സർവകലാശാല വൈസ് ചാൻസിലർക്കെതിരെ ആഞ്ഞടിച്ചു. നിയമ വ്യവസ്ഥ തകർക്കുന്നതിന് വൈസ് ചാൻസിലറും കൂട്ട് നിൽക്കുന്നുവെന്നാരോപിച്ച ധങ്കർ നിലവിലെ സാഹചര്യങ്ങൾ സുഖകരമല്ലാത്ത പ്രത്യാഘാതങ്ങൾക്കും ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകി. അനാരോഗ്യകരമായ സംഭവങ്ങളാണ് സർവകലാശാലയിൽ നടന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.