പ്രയാ​ഗ്രാജ്: പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് ശാസിച്ച അധ്യാപകനെ ഒരുകൂട്ടം വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജ് ശാസ്ത്രി നഗറിലെ ആദർശ് ജനതാ ഇന്റർ കോളേജിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

കോളേജിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിനിടെ ഒരുസംഘം വിദ്യാർത്ഥികൾ പെൺകുട്ടികളോട് മോശമായി പെരുമാറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ വിദ്യാർത്ഥികളെ ശാസിക്കുകയും മേലാൽ ആവർത്തിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രക്ഷിതാക്കളെയും കൂട്ടി കോളേജിലെത്തിയ വിദ്യാർത്ഥികൾ അധ്യാപകനെ ക്രൂരമായി തല്ലി ചതയ്ക്കുകയായിരുന്നു.

"

വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ചേർന്ന് അധ്യാപകനെ വടി ഉപയോ​ഗിച്ചും നിലത്തിട്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരുപതോളം പേര്‍ ചേര്‍ന്ന് അധ്യാപകനെ മർദ്ദിക്കുന്നതും ചവിടുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചെന്നും ​ഗം​ഗാപർ എസ്‍എസ്‍പി നാ​ഗേന്ദ്ര സിം​ഗ് പറഞ്ഞു.