സമരം ഗേറ്റ് വേ ഓഫ് ഇന്ത്യാപരിസരത്ത് നിന്ന് ആസാദ് മൈതാനത്തേക്ക് പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു. വിദ്യാർഥികളുടെ ആരോഗ്യനിലകൂടി പരിഗണിച്ചാണ് പിന്നാലെ സമരം അവസാനിപ്പിച്ചത്.
മുംബൈ: ജെഎന്‍യു അക്രമത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ രണ്ടുദിവസമായി നടത്തിവന്ന വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചു. ക്യാമ്പസുകളിൽ സമരം തുടരുമെന്ന് വിദ്യാർഥികൾ പറഞ്ഞു. അതേസമയം, സമരക്കാർ കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പ്ലക്കാർഡുയർത്തിയ സംഭവത്തിൽ ശിവസേനയും ബിജെപിയും സംസ്ഥാനത്ത് കൊമ്പ് കോർക്കുകയാണ്.
ജെഎൻയുവിൽ അക്രമം നടന്നതിന് പിന്നാലെ രാജ്യത്ത് തുടങ്ങിയ ആദ്യത്തെ വിദ്യാർഥി പ്രതിഷേധമാണ് ഇന്ന് അവസാനിപ്പിച്ചത്. സമരം ഗേറ്റ് വേ ഓഫ് ഇന്ത്യാപരിസരത്ത് നിന്ന് ആസാദ് മൈതാനത്തേക്ക് പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു. വിദ്യാർഥികളുടെ ആരോഗ്യനിലകൂടി പരിഗണിച്ചാണ് പിന്നാലെ സമരം അവസാനിപ്പിച്ചത്.
സമരത്തിനിടെ, കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പ്ലക്കാർഡ് പ്രതിഷേധക്കാരിലൊരാൾ ഉയർത്തിയ ദൃശ്യം വിവാദമായിരുന്നു. ഇത് രാജ്യദ്രോഹമാണെന്നും ഉദ്ദവ് താക്കറെ എന്ത് നടപടിയെടുക്കുമെന്നും ചോദിച്ച് മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. കശ്മീരിലെ ജനങ്ങളുടെ സ്വാതന്ത്രം ഹനിക്കുന്നതിനെയാണ് പോസ്റ്ററിൽ ഉദ്ദേശിക്കുന്നതെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഇന്‍റർനെറ്റ് അടക്കം നിർത്തലാക്കി താഴ്വരയിലെ ജനങ്ങളെ ബിജെപി ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ചാണ് പോസ്റ്ററെന്ന് എൻസിപി നേതാവ് ജയന്ത് പാട്ടീലും പറഞ്ഞു. ഇതേ വിശദീകരണവുമായി പ്ലക്കാർഡുയർത്തിയ മുംബൈ സ്വദേശിനി മെഹക് പ്രഭുവും രംഗത്തെത്തി
വിദ്യാർഥികൾക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും ഇന്നലെ രാത്രി ബാന്ദ്രയിൽ പ്രതിഷേധിച്ചിരുന്നു. പൗരത്വനിയമഭേദഗതിക്ക് പിന്തുണ തേടി കേന്ദ്രമന്ത്രി പിയുഷ് ഗോയൽ സിനിമാതാരങ്ങളെ കഴിഞ്ഞ ദിവസം മുംബൈയിലെ സ്വകാര്യഹോട്ടലിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പ്രമുഖർ ആരും എത്തിയിരുന്നില്ല.
Read Also: ജെഎൻയു ആക്രമണം: ആസാദി മുദ്രാവാക്യത്തിനൊപ്പം പ്രതിഷേധ കൂട്ടായ്മയിൽ ചുവടുവച്ച് വയോധികൻ; വീഡിയോ കാണാം
