അമരാവതി: ക്ലാസ്സിൽ വികൃതി കാണിച്ചെന്നാരോപിച്ച് വിദ്യാർത്ഥികളെ പ്രധാനധ്യാപിക ബെഞ്ചിൽ കെട്ടിയിട്ടു. ആന്ധ്രാ പ്രദേശിലെ അനന്ദപുരമു ജില്ലയിലെ കാദിരി ന​ഗരത്തിലെ മുനിസിപ്പൽ അപ്പർ പ്രൈമറി സ്കൂളിലാണ് സംഭവം. സംഭവത്തിൽ പ്രധാനധ്യാപിക ശ്രീദേവിക്കെതിരെ സംസ്ഥാന ശിശുസംരക്ഷണ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയാണ് വികൃതി കാണിച്ചെന്നാരോപിച്ച് ക്ലാസ്സ‌് മുറിയിലെ ബെഞ്ചിൽ കെട്ടിയിട്ട് പ്രധാനധ്യാപിക ശിക്ഷിച്ചത്. സംഭവത്തിൽ‌ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്കും മുനിസിപ്പൽ കമ്മീഷണർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ശിശുസംരക്ഷണ കമ്മീഷൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ‌ ലഭ്യമല്ല. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കമ്മീഷൻ അധ്യക്ഷ ജി ഹൈമാവതി വ്യക്തമാക്കി.

ജുവനൈൽ ആക്ട്, വിദ്യാഭ്യാസ അവകാശ നിയമം എന്നിവ പ്രകാരം, കുട്ടികളെ ശാരീരികമായ ശിക്ഷാവിധികൾക്ക് വിധേയരാക്കുന്നത് ക്രിമിനൽ കുറ്റകൃത്യമാണ്. അന്വേഷണത്തിന് ശേഷം കുട്ടികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.