കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ മരണത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ തുടരുമ്പോള്‍ അദ്ദേഹത്തിന്‍റെ ചിതാഭസ്മം ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കണമെന്ന ആവശ്യവുമായി മകള്‍ അനീറ്റ ബോസ് പ്ഫാഫ്. ജപ്പാനിലെ രെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അനീറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നേതാജിയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞ അനീറ്റ മുന്‍ സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ അനാസ്ഥ കാണിച്ചെന്നും ആരോപിച്ചു.

1945 ഓഗസ്റ്റ് 18 നുണ്ടായ വിമാന അപകടത്തില്‍ സുഭാഷ് ചന്ദ്ര ബോസ് മരിച്ചതായാണ് താന്‍ വിശ്വസിക്കുന്നതെന്നും സത്യം മറ്റൊന്നാണെന്ന് തെളിയിക്കുന്ന വരെ അങ്ങനെ വിശ്വസിക്കുമെന്നും അനീറ്റ പറ‍ഞ്ഞു. പ്രധാനമന്ത്രിയെ നേരിട്ട് സന്ദര്‍ശിക്കാന്‍ താത്പര്യമുണ്ടെന്നും ചിതാഭസ്മം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ ജാപ്പനീസ് അധികൃതര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സുഭാഷ് ചന്ദ്ര ബോസിന്‍റെ ചരമവാര്‍ഷികമായ ഓഗസ്റ്റ് 18 -ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ട്വീറ്റിനെച്ചൊല്ലി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അനീറ്റയുടെ പ്രതികരണം.

സുഭാഷ് ചന്ദ്ര ബോസിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയം കോണ്‍ഗ്രസ് സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നത് തെളിയിക്കാനുള്ള രേഖകള്‍ ഇല്ലെങ്കിലും നേതാജിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ദുരൂഹതകള്‍ അവസാനിപ്പിക്കുന്നതിന് മുന്‍ സര്‍ക്കാരിലുണ്ടായിരുന്ന ചിലര്‍ തയ്യാറായില്ലെന്നും അനീറ്റ ആരോപിച്ചു.

ബോസ് ഇന്ത്യയിലേക്ക് തിരിച്ചുവന്ന് ഗുംനാമി ബാബ എന്നപേരിൽ ഒരു സന്യാസിയായി രഹസ്യജീവിതം നയിച്ചുവെന്നും 1985-ൽ മരണപ്പെട്ടു എന്നു മറ്റൊരു കഥയും നിലവിലുണ്ട്. പിതാവിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ ദുരൂഹതകള്‍ നിരവധി കഥകള്‍ക്കാണ് രൂപം കൊടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം മുതല്‍ നേതാജിയുടെ മരണം അന്വേഷിക്കുന്നതിനായി മൂന്ന് അന്വേഷണ കമ്മീഷനുകളെ നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച ഷാ നവാസ് കമ്മീഷനും ഖോഷ കമ്മീഷനും സുഭാഷ് ചന്ദ്ര ബോസ് വിമാന അപകടത്തില്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ബിജെപി സര്‍ക്കാര്‍ 1999- ല്‍ രൂപീകരിച്ച മുഖര്‍ജി കമ്മീഷന്‍ വിമാന അപകടത്തില്‍ സുഭാഷ് ചന്ദ്ര ബോസ് മരിച്ചതെന്ന വാദം നിഷേധിച്ചു. 2016- ല്‍ മോദി സര്‍ക്കാര്‍ നേതാജിയുമായി ബന്ധപ്പെട്ട 100-ഓളം ഫയലുകള്‍ പുറത്തുവിട്ടിരുന്നു.