അധ്യാപകർ ജാത്യാധിക്ഷേപം നടത്തിയ മനോവിഷമത്തിലാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് രക്ഷിതാക്കളുടെ പരാതി.
ചെന്നൈ: തമിഴ്നാട് ദിണ്ടിഗൽ ചിന്നലപ്പട്ടിയിൽ ഫിനോയില്‍ കഴിച്ച് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ ആത്മഹത്യക്ക് ശ്രമിച്ചു. അധ്യാപകർ ജാതി അധിക്ഷേപം നടത്തിയ മനോവിഷമത്തിലാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് രക്ഷിതാക്കളുടെ പരാതി. കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും ഏറെനേരം ചിന്നലപ്പട്ടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ദിണ്ടിഗൽ ചിന്നലപ്പട്ടിയിലെ ഒരു എയിഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിൽ കണ്ടെത്തിയത്. ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ കുട്ടികൾ ചികിത്സയിൽ തുടരുകയാണ്. അധ്യാപകർ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടർന്നാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ദിണ്ടിഗൽ പൊലീസ് സ്റ്റേഷൻ ആരോപിച്ചു. അധ്യാപകർ കഠിനമായി ശകാരിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്യുമെന്ന് കുട്ടികൾ പരാതി പറയുമായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു.
അധ്യാപകർക്കെതിരെ നടപടിയെടുക്കാതെ പിരിഞ്ഞുപോകില്ല എന്നായിരുന്നു നാട്ടുകാരുടെ നിലപാട്. തുടർന്ന് ദിണ്ടിഗൽ ജില്ലാ പൊലീസ് മേധാവി പി.ഭാസ്കരനും ജില്ലാ വിദ്യാഭ്യാസ ഓഫീസറും തഹസീൽദാറും അടക്കമുള്ളവർ സ്ഥലത്തെത്തി പ്രതിഷേധിച്ചുകൊണ്ടിരുന്നവരുമായി ചർച്ച നടത്തി. രേഖാമൂലം പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു.വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും കേസെടുക്കുമെന്ന് പൊലീസും പറഞ്ഞു.
