ദില്ലി: വലിയ ഭൂരിപക്ഷത്തോടെ മോദിഭരണം തിരിച്ചുവന്നതില്‍ പ്രതികരണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി.  രാജ്യം ഏകാധിപത്യ ഭരണത്തിലേയ്ക്ക്  പോകാതിരിക്കാനുള്ള ജാഗ്രത വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ബിജെപിക്കകത്ത് ജനാധിപത്യം വേണമെന്നും സ്വാമി സൂചിപ്പിച്ചു.  സാമ്പത്തികരംഗത്തെ വീഴ്ച്ചകള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ദേശീയതകൊണ്ടു ബിജെപിക്ക് മറികടക്കാന്‍ സാധിച്ചു. 

മോദി ഭരണകാലത്ത് സാമ്പത്തിക രംഗത്തുണ്ടായ വീഴ്ചകള്‍ തിരഞ്ഞെടുപ്പു വേദികളില്‍ ചര്‍ച്ചയാകാതെ പോയതും, ദേശസുരക്ഷയിലൂന്നി ബിജെപി പ്രചാരണം നടത്തിയതിനാലുമാണ് വലിയ വിജയം ലഭിച്ചത്. ബിജെപിയുടെ തമിഴ്നാട്ടിലെ തോല്‍വിയെ വിലയിരുത്തിയ സുബ്രഹ്മണ്യന്‍ സ്വാമി തമിഴ്നാട്ടില്‍ ബിജെപി ഒറ്റയ്ക്ക് നിന്ന് ശക്തിയാര്‍ജിക്കണം എന്ന് നിര്‍ദേശിച്ചു. 

ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ മലക്കംമറിഞ്ഞത് കേരളത്തിലെ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ വൈകാതെയെടുക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.