ചെന്നൈ: ആഫ്രിക്കന്‍ വംശജനെ മകള്‍ വിവാഹം ചെയ്തതിന്‍റെ പേരില്‍ ഉയര്‍ന്ന വിദ്വേഷ പ്രചാരണങ്ങള്‍ വിലയ്ക്കെടുക്കുന്നില്ലെന്ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞ സുധാ രഘുനാഥന്‍. ഹിന്ദു സഭകളിലും ക്ഷേത്രങ്ങളിലും പാടാന്‍ അനുവദിക്കില്ലെന്ന ഭീഷണിയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സുധാ രഘുനാഥന് പിന്തുണയുമായി സംഗീത രംഗത്തെ നിരവധി പേര്‍ രംഗത്തെത്തി.

സുധാ രഘുനാഥന്‍റെ മകള്‍ മാളവിക രഘുനാഥും ആഫ്രിക്കന്‍ വംശജനായ മൈക്കിള്‍ മുര്‍ഫിയും തമ്മിലുള്ള വിവാഹത്തിന്‍റെ ക്ഷണക്കത്ത് പുറത്ത് വന്നത് മുതലാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍ വച്ച് ഇരുവരുടേയും വിവാഹം കഴിഞ്ഞതോടെ വിദ്വേഷ പ്രചാരണങ്ങള്‍ മൂര്‍ച്ഛിച്ചു. സുധാ രഘുനാഥനും മകള്‍ മാളവികയും ക്രിസ്ത്യൻ മതം സ്വീകരിച്ചെന്നും ബ്രാഹ്മണ സമ്പ്രദായത്തെ അപമാനിച്ചെന്നുമാണ് പ്രചാരണം. 

അമേരിക്കയില്‍ കഴിയുന്ന മൈക്കിള്‍ മുര്‍ഫിയുടെ നിറത്തേയും ആഫ്രിക്കന്‍ വംശത്തേയും അവഹേളിക്കുന്ന പോസ്റ്റുകളും പ്രചരിക്കുന്നു. ഹിന്ദു മഹാസഭകളിലും ക്ഷേത്രങ്ങളിലും ഇനി പാടാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. ഇത്തരം ഭീഷണികള്‍ ഒന്നും കണക്കിലെടുക്കുന്നില്ലെന്നും,തന്നെ തളര്‍ത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും സുധാ രഘുനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ക്രിസ്ത്യന്‍ ഭക്തിഗാനം ആലപിച്ചതിന്‍റെ പേരില്‍ ഗായകരായ നിത്യശ്രീ മഹാദേവന്‍, ഒ എസ് അരുണ്‍ എന്നിവര്‍ക്ക് നേരെയും സമാന ആക്രമണം ഉണ്ടായതാണ്. അന്യമതസ്ഥരുടെ ഗാനമാലപിക്കുന്ന ആള്‍ എന്ന് പറഞ്ഞ് ടി എം കൃഷ്ണയ്ക്ക് ദില്ലിയില്‍ വേദി നിഷേധിക്കുന്ന സംഭവമുണ്ടായിട്ട് മാസങ്ങള്‍ പിന്നിടുന്നതേയുള്ളൂ.

Also Read: വിദേശിയുമായി മകളുടെ വിവാഹം, കര്‍ണാടക സംഗീതജ്ഞക്കെതിരെ സോഷ്യല്‍ മീഡിയാ ആക്രമണം

"