വിദ്വേഷ കമന്‍റുകള്‍ വന്ന് തുടങ്ങുന്നത് ജൂണ്‍ 19 മുതലാണ്. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ അത് വര്‍ധിച്ചു. മാളവികയുടെ ഭാവി വരനായ മൈക്കല്‍ മുര്‍ഫിയുടെ നിറത്തേയും ആഫ്രിക്കന്‍ വംശത്തേയും അവഹേളിക്കുന്ന തരത്തിലുള്ള കമന്‍റുകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ കര്‍ണാടക സംഗീതജ്ഞയായ സുധ രഘുനാഥനും കുടുംബത്തിനുമെതിരെ അക്രമം നടന്നുകൊണ്ടിരിക്കുകയാണ്. സുധ രഘുനാഥന്‍റെ മകളും വിദേശിയായ യുവാവും തമ്മിലുള്ള വിവാഹ റിസപ്ഷന്‍റെ ക്ഷണക്കത്തോടൊപ്പമാണ് അക്രമം. സുധ രഘുനാഥന്‍റെ മകള്‍ മാളവിക ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്നും അതോടെ ഹിന്ദു സഭകളിലും ക്ഷേത്രങ്ങളിലും സുധ രഘുനാഥനെ പാടാന്‍ അനുവദിക്കില്ലെന്നുമാണ് വിദ്വേഷ പ്രചരണങ്ങളുമായെത്തുന്നവര്‍ പറയുന്നത്.
വിദ്വേഷ കമന്‍റുകള്‍ വന്ന് തുടങ്ങുന്നത് ജൂണ്‍ 19 മുതലാണ്. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ അത് വര്‍ധിച്ചു. മാളവികയുടെ ഭാവി വരനായ മൈക്കല്‍ മുര്‍ഫിയുടെ നിറത്തേയും ആഫ്രിക്കന്‍ വംശത്തേയും അവഹേളിക്കുന്ന തരത്തിലുള്ള കമന്‍റുകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. വംശീയാധിക്ഷേപമടക്കമുള്ള പ്രതികരണങ്ങളിലേക്കും കാര്യങ്ങളെത്തുകയാണ്. സുധാ രഘുനാഥനും കുടുംബവും ക്രിസ്ത്യന്‍ മതം സ്വീകരിക്കുമെന്ന മട്ടിലുള്ള അസത്യപ്രചരണങ്ങളും ഉണ്ടായി.
ക്രിസ്ത്യന്‍ ഭക്തിഗാനമാലപിച്ചതിന്‍റെ പേരില്‍ 2018 ആഗസ്തില്‍ ഗായകരായ നിത്യശ്രീ മഹാദേവന്‍, ഒ എസ് അരുണ്‍ എന്നിവര്‍ക്ക് നേരേയും സമാനരീതിയിലുള്ള അക്രമങ്ങളുണ്ടായിരുന്നു.
സുധാ രഘുനാഥന്‍റെ മകളുടെ വിവാഹ ക്ഷണക്കത്തോടെ നിരവധി തരത്തിലുള്ള കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.
സുധ രഘുനാഥന്‍, ഒ എസ് അരുണ്‍, നിത്യശ്രീ മഹാദേവന്‍ ഇവരെല്ലാം വേറൊരു മതത്തിലേക്ക് മാറിക്കഴിഞ്ഞു. നമ്മളിനി എന്തിനാണ് അവരെ കുറിച്ച് സംസാരിക്കുന്നത്. ബാക്കിയുള്ള പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടതിനെ കുറിച്ചാണ് നമ്മളിനി സംസാരിക്കേണ്ടത് എന്നാണ് ഒരാള്‍ എഴുതിയിരിക്കുന്നത്.
സുധ രഘുനാഥന്‍, പോള്‍ ദിനകരനൊപ്പം ചേര്‍ന്ന് യേശുവിനെ സ്തുതിച്ച് പാടട്ടേ എന്നാണ് മറ്റൊരാളുടെ പോസ്റ്റ്.
നിരവധിപേര്‍ സുധ രഘുനാഥനെ പിന്തുണച്ച് കൊണ്ടും സംസാരിക്കുന്നുണ്ട്. അവരുടെ മകളുടെ വിവാഹക്കാര്യം അവരുടെ കുടുംബകാര്യമാണ് നമുക്കതിലെന്താണ് കാര്യമെന്ന് ഒരാള്‍ ചോദിക്കുന്നു.
സുധ രഘുനാഥന്‍റെ ശബ്ദവും സംഗീതവും എനിക്ക് വളരെ ഇഷ്ടമാണ്. അവര്‍ പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി സഹായിക്കുന്ന ആളാണ്. അതിനെ കുറിച്ച് സംസാരിക്കുന്ന ആളാണ്. അവരുടെ മകള്‍ വിവാഹിതയാകുന്നു. വരന്‍ അമേരിക്കയിലുള്ള മൈക്കല്‍ ആണ്. അദ്ദേഹം ഡോക്ടറേറ്റ് നേടിയ ആളാണ്. ജീവിതം സ്നേഹത്തിന്‍റെ വഴിയേ നീങ്ങുന്നത് മനോഹരമാണ്. കുറ്റം പറയുന്നവരെ വിട്ടേക്കൂ... എന്ന് ഒരാളെഴുതുന്നു.
സുധ രഘുനാഥന്‍റെ മകള്‍ എന്നതിലുപരി അവര്‍ സ്വതന്ത്രയായ ഒരു വ്യക്തിയാണ്. അവര്‍ക്ക് അവരുടേതായ തീരുമാനം എടുക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട് എന്നും നിരവധി പേരെഴുതിയിട്ടുണ്ട്.
