കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രീയ കൂടുമാറ്റങ്ങളും, വാക് തര്‍ക്കങ്ങളും ചൂടുപിടിക്കുന്നതിനിടെ നാടകീയ സംഭവങ്ങള്‍ ബിജെപി എംപി സൌമിത്ര ഖാന്റെ ഭാര്യ സുജാത ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍. തൃണമൂല്‍ നേതാവും എംപിയുമായ സൗഗത റോയി ആണ് സുജാതയെ പാര്‍ട്ടി പതാക നല്‍കി തൃണമൂലിലേക്ക് ക്ഷണിച്ചത്.

ബിജെപിയില്‍ ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടി വിട്ടത് എന്നാണ് ചടങ്ങിന് ശേഷം സുജാത പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് ബിജെപിയില്‍ ബഹുമാനം ലഭിക്കുന്നില്ലെന്നും സുജാത സൂചിപ്പിച്ചു. 'കഴിവുള്ള പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ദീദിയുമായി (മമത ബാനര്‍ജി)യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു, സുജാത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ തൃണമൂല്‍ നേതാവായിരുന്ന സൗമിത്ര ഖാന്‍ 2019ലാണ് ബിജെപിയില്‍ ചേരുന്നത്. ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്നും അന്ന് ലോക്സഭയിലേക്ക് മത്സരിച്ച ഇദ്ദേഹത്തിന് എന്നാല്‍ അന്ന് ചില കേസുകള്‍ കാരണം മണ്ഡലത്തില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് സുജാതയാണ് അന്ന് മണ്ഡലത്തില്‍ പ്രചാരണം നയിച്ചത്. അന്ന് റാലിയില്‍ നരേന്ദ്രമോദിക്കൊപ്പം സുജാത വേദിയും പങ്കിട്ടു.

അതേ സമയം തന്‍റെ ഭാര്യ തൃണമൂലില്‍ ചേര്‍ന്ന വാര്‍ത്തയറിഞ്ഞ സൗമിത്ര ഖാന്‍ ഭാര്യയില്‍ നിന്നും വിവാഹമോചനം തേടും എന്നും അതിനായി നിയമനടപടികള്‍‍ ആരംഭിക്കുമെന്നുമാണ് തന്‍റെ അടുത്ത വൃത്തങ്ങളെ അറിയിച്ചത് എന്ന് ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.