Asianet News MalayalamAsianet News Malayalam

'ഇന്ത്യ'യില്‍ വിള്ളല്‍, എഎപിയുമായി സഹകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്; പ്രഖ്യാപനം എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ

പഞ്ചാബ് സർക്കാരിനെ നയിക്കുന്ന ആം ആദ്മി പാർട്ടിയുമായി സഹകരിക്കാനാവില്ലെന്ന് സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ

Sukhpal Singh Khaira MLA arrest escalates AAP Congress rift in Punjab SSM
Author
First Published Sep 29, 2023, 11:19 AM IST

ചണ്ഡിഗഢ്: പഞ്ചാബിലെ കോൺഗ്രസ് എംഎൽഎയുടെ അറസ്റ്റ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ ബാധിക്കുമെന്ന സൂചന നൽകി പഞ്ചാബ് കോൺഗ്രസ്. പഞ്ചാബ് സർക്കാരിനെ നയിക്കുന്ന ആം ആദ്മി പാർട്ടിയുമായി സഹകരിക്കാനാവില്ലെന്ന് സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ പറഞ്ഞു. ലോക്സഭ തെരഞ്ഞടുപ്പിൽ ആം ആദ്മി പാര്‍ട്ടിയുമായി കൈകോർക്കാൻ പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. 

എട്ട് വര്‍ഷം മുന്‍പുള്ള ലഹരിമരുന്ന് കടത്ത് കേസിലാണ് കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാൽ സിംഗ് ഖൈറയെ പഞ്ചാബ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഛണ്ഡിഗഡിലെ വസതിയില്‍ നടത്തിയ റെയ്ഡിനെ പിന്നാലെയായിരുന്നു അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം 2015ല്‍ രജിസ്റ്റർ ചെയ്ത  കേസിലാണ് അറസ്റ്റ്. 

പഞ്ചാബിലെ എഎപി സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെയും കടുത്ത വിമര്‍ശകനാണ് ഖൈറ. ഖൈറയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വിമര്‍ശിച്ചു. പ്രതിപക്ഷത്തെ അറസ്റ്റിലൂടെ പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് എഎപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും അമരീന്ദര്‍ രാജ പറഞ്ഞു.

റെയ്ഡിന്‍റെ ദൃശ്യങ്ങള്‍ എംഎല്‍എ ഫേസ് ബുക്ക് പേജില്‍ ലൈവായി പങ്കുവെച്ചിരുന്നു. അതില്‍ പൊലീസുകാരുമായി എംഎല്‍എ തര്‍ക്കിക്കുന്നത് കാണാം. പൊലീസിനോട് അദ്ദേഹം വാറണ്ട് ആവശ്യപ്പെട്ടു. പഴയ എൻ‌ഡി‌പി‌എസ് കേസിലാണ് അറസ്റ്റെന്ന് ജലാലാബാദ് ഡിഎസ്പി അചുരാം ശര്‍മ എംഎല്‍എയോട് പറഞ്ഞു. എന്നാല്‍ കേസ് സുപ്രീംകോടതി റദ്ദാക്കിയതാണെന്ന് എംഎല്‍എ മറുപടി നല്‍കി. 

ലഹരിക്കടത്ത് സംബന്ധിച്ച് എംഎല്‍എക്കെതിരെ തെളിവുണ്ടെന്നാണ് പൊലീസിന്‍റെ വാദം.അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എംഎല്‍എ ആരോപിച്ചു. എതിര്‍പ്പിനിടെയാണ് എംഎല്‍എയെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയത്. പഞ്ചാബിലെ ഭോലാത്ത് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിന്റെ ചെയർമാനുമാണ് സുഖ്ദീപ് സിംഗ് ഖൈറ.

പഞ്ചാബില്‍ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും (എഎപി) കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത ഇന്ത്യ സഖ്യത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റിലും മത്സരിക്കുമെന്നാണ് എഎപി നേരത്തെ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുമായി കൈകോർക്കാനാണ് ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ നിര്‍ദേശം. 

Follow Us:
Download App:
  • android
  • ios